ദേശീയ ചൂണ്ടയിടൽ മത്സരം: ഏഴോം പുഴയോരത്ത് മഴയിലും ആവേശം അലതല്ലി
റഫീഖ് കാദർ കാസർകോട് ജേതാവായി
കണ്ണൂർ: മഴയിലും തോരാത്ത ആവേശത്തോടെ ഏഴോം പുഴയിൽ ദേശീയ ചൂണ്ടയിടൽ മത്സരം. 69 പേർ പങ്കെടുത്ത മത്സരത്തിൽ, 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസർകോട് സ്വദേശി റഫീക്ക് കാദർ ജേതാവായി. 530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയിൽ കോർത്ത മലപ്പുറം സ്വദേശി എൻ സലാഹുദ്ദീൻ രണ്ടാം സ്ഥാനം നേടി. കണ്ണൂർ സ്വദേശി എം സി രാജേഷ് മൂന്നാം സ്ഥാനവും അഷ്‌റഫ് കാസർകോട് നാലാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്. ഏറ്റവും കൂടുതൽ തൂക്കം ലഭിക്കുന്ന മത്സ്യങ്ങൾ പിടിക്കുന്നവരാണ് വിജയികളായത്.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകി.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഏഴിലം ടൂറിസവും സംയുക്തമായി നടത്തിയ മത്സരത്തിന്റെ സമ്മാനദാനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു.
രാവിലെ കോട്ടക്കീൽ ഏഴിലം ടൂറിസം സെന്ററിൽ ജില്ലാ കലക്ടർ ചൂണ്ടയിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയിൽ വേറിട്ട പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും ചൂണ്ടയിടൽ പോലുള്ള മത്സരങ്ങളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ടൂറിസം കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ്, ആന്ധ്ര, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ താരങ്ങൾ ഉൾപ്പെടെ 69 പേർ ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയിൽ നടന്ന മത്സരത്തിൽ പങ്കാളികളായി.
സമാപന ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ആംഗ്ലിംഗ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശീതൾ കാളിയത്ത്, മാനേജർ കെ സജീവൻ, പി കെ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, വൈസ് പ്രസിഡണ്ട് കെ എൻ ഗീത, സ്ഥിരം സമിതി അധ്യക്ഷൻ കെ പിഅനിൽകുമാർ, പഞ്ചായത്തംഗം കെ വി രാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ വി നാരായണൻ, സബ്കലക്ടർ അനുകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, മാനേജർ കെ സജീവൻ, ഏഴിലം ചെയർമാൻ പി അബ്ദുൾ ഖാദർ, എംഡി പി പി രവീന്ദ്രൻ, ഏഴോം ബാങ്ക് പ്രസിഡണ്ട് കെ ചന്ദ്രൻ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.