എലിപ്പനിക്കെതിരെ ‘ഡോക്‌സി വാഗണ്‍’ പര്യടനം

post


എലിപ്പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ‘ഡോക്‌സി വാഗണ്‍’ ജില്ലയില്‍ ഒരാഴ്ച നീളുന്ന പര്യടനം തുടങ്ങി. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. മലിനജല സമ്പര്‍ക്കമുള്ളവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുന്നവര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. സ്വയംചികിത്സ ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ കലക്ടറും മെഡിക്കല്‍ ഓഫീസ് ജീവനക്കാരും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ച് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

പുനലൂര്‍, പത്തനാപുരം, അഞ്ചല്‍, ഏരൂര്‍ പിറവന്തൂര്‍ കരുനാഗപ്പള്ളി എന്നിവിടങ്ങളാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍. കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തില്‍ നിന്നും മലിനജലത്തില്‍ നിന്നുമാണ് എലിപ്പനി പകരുന്നത്. പനി, കണ്ണിന് പുറകില്‍ വേദന, മാംസപേശികള്‍ക്ക് വേദന, മഞ്ഞപ്പിത്തം എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സേവനം തേടണം. എലിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയില്ലാത്തതിനാല്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ ചികിത്സയ്ക്ക് എത്തുമ്പോള്‍ ഡോക്ടറോട് അക്കാര്യം വ്യക്തമാക്കണം. രോഗം തീവ്രമാകുമ്പോള്‍ തലച്ചോറ്, ശ്വാസകോശം, ഹൃദയം എന്നിവയെ ദോഷകരമായി ബാധിക്കും.

ജില്ലയിലെ എല്ലാ പി. എച്ച്. സി, എഫ്. എച്ച്. സി, സി. എച്ച്. സി, പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡോക്‌സി കോര്‍ണര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍ പരിശോധനാ സംവിധാനവുമുണ്ട്.