ഡെങ്കിപ്പനി പ്രതിരോധം : പനത്തടിയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതം

post

കാസറഗോഡ്: വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനത്തടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളും, ആരോഗ്യ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാസര്‍കോട്, പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, രാജപുരം സെന്റ് പയസ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് രോഗ ബാധിത പ്രദേശങ്ങളില്‍ വീടുകള്‍ കയറി കൊതുക് കൂത്താടികളുടെ ഉറവിട നശീകരണവും ബോധവത്ക്കരണവും നടത്തിയത്. ആകെ 12 ടീമുകളായി തിരിഞ്ഞാണ് ഗൃഹ സന്ദര്‍ശനവും തോട്ടങ്ങളിലെ പരിശോധനയും നടത്തിയത്. പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ ജെ ജെയിംസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനയകുമാര്‍ നന്ദിയും അറിയിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വേണു ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സരസിജന്‍ തമ്പി എന്നിവര്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. വരും ദിവസങ്ങളിലും രോഗ ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.