സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി

post

സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജ്വല മാതൃകയാണെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും പുരാതന കാലം മുതല്‍ സ്ത്രീയേയും പുരുഷനേയും ഒന്നായി കാണുന്ന സംസ്‌കാരമാണു രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനം 'നാഷണല്‍ വിമെന്‍ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സ് കേരള - 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സ്ത്രീകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനു കേരളം പുതിയ പാതകള്‍ രൂപപ്പെടുത്തിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പല മേഖലകളിലും സ്ത്രീകള്‍ പ്രതിസന്ധികള്‍ മറികടന്നു മുന്നേറുകയാണ്. സായുധ സേനയില്‍ വനിതകളുടെ പങ്കാളിത്തം കൂടി. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം തുടങ്ങിയ മേഖലകളിലെല്ലാം സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധികാലത്തു രാഷ്ട്രത്തിനു കാവല്‍നിന്ന കൊറോണ യാദ്ധാക്കളില്‍ പുരുഷന്‍മാരേക്കള്‍ കൂടുതല്‍ സ്ത്രീകളായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കേരളം വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിലെ വനിതകള്‍ നിസ്വാര്‍ഥ പരിചരണത്തിന്റെ മാതൃക സൃഷ്ടിച്ചതായും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ സ്ത്രീശാക്തീകരണത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക്് 50 ശതമാനം സംവരണം നല്‍കി. രാഷ്ട്രീയ പ്രക്രിയകളില്‍ സ്ത്രീകളുടെ മികച്ച പങ്കാളിത്തത്തിലൂടെ മുഴുവന്‍ സമൂഹത്തിന്റെയും ശാക്തീകരണമാണ് ഉറപ്പാകുന്നത്. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ കൂടുതലായി ഇടപെടണം. കൂടുതല്‍ സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും വേണം. ലിംഗാവബോധത്തില്‍ അതിവേഗം പുരോഗതിയുണ്ടാകുന്ന കാലമാണിത്. 'ബേട്ടി ബചാവോ ബേട്ടി പഠാവോ' പോലുള്ള പദ്ധതികളിലൂടെ ഇതിന് ആക്കംകൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍പ്പോലും എതിര്‍ ചേരിയില്‍ പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്നപ്പോള്‍ ഇന്ത്യയുടെ പക്ഷത്ത് റാണി ലക്ഷ്മിഭായിയെപ്പോലെ നിരവധി ധീര വനിതകളുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ക്വിറ്റ് ഇന്ത്യ വരെ മഹാത്മാഗാന്ധി നയിച്ച നിരവധി സത്യഗ്രഹ സമരങ്ങളില്‍ സ്ത്രീകളുടെ വ്യാപക പങ്കാളിത്തമുണ്ടായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സ്ത്രീകള്‍ അവരുടെ ഗാര്‍ഹിക ഇടങ്ങളില്‍നിന്നു പുറത്തുവരികയും പൊതുപ്രക്ഷോഭങ്ങളില്‍ വലിയ തോതില്‍ പങ്കുചേരുകയും ചെയ്തു. ആ പ്രക്ഷോഭങ്ങളുടെയെല്ലാം ആത്യന്തിക വിജയം സ്ത്രീകളുടെ പങ്കാളിത്തംകൊണ്ടായിരുന്നു.

രാജ്യത്തിന്റെ ഭരണഘടന തയാറാക്കാന്‍ ഭരണഘടനാ അസംബ്ലി ചേര്‍ന്നപ്പോള്‍ അതില്‍ 15 സ്ത്രീകള്‍ അംഗങ്ങളായിരുന്നു. അതില്‍ത്തന്നെ മൂന്നു പേര്‍ കേരളത്തില്‍നിന്നുള്ളവരായിരുന്നു. ലിംഗവ്യത്യാസമില്ലാതെ എല്ലാ പൗരന്‍മാര്‍ക്കും സാര്‍വത്രിക സമ്മതിദാനാവകാശം നല്‍കുന്ന അപൂര്‍വ നേട്ടം കൈവരിക്കാന്‍ തുടക്കത്തിലേ രാജ്യത്തിനു സാധിച്ചു. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക മാത്രമല്ല, മത്സരിക്കുകയും ചെയ്തു. ആദ്യ ലോക്‌സഭയിലേക്ക് 24 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ഏറ്റവും പഴക്കമുള്ള ആധുനിക ജനാധിപത്യ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സ്ത്രീകള്‍ക്കു വോട്ടവകാശം നേടിയെടുക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. ബ്രിട്ടണിലെ വനിതകളും ഏറെക്കാലം കാത്തിരുന്നു. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറിയ പല രാജ്യങ്ങളും സ്ത്രീകള്‍ക്കു വോട്ടവകാശം നല്‍കുന്നതില്‍നിന്ന് ഏറെക്കാലം വിട്ടുനിന്നു. എന്നാല്‍ ഇന്ത്യയില്‍ പുരുഷന്‍മാര്‍ വോട്ട് ചെയ്യുകയും സ്ത്രീകള്‍ക്കു വോട്ട് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്ത ഒരു കാലവും ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പികള്‍ പൗരന്‍മാരെ സ്ത്രീയെന്നോ ജാതിയിലെയോ വര്‍ഗങ്ങളിലെ അംഗമെന്നോ വേര്‍തിരിച്ചുകാണാതെ പൗരന്‍മാരായിത്തന്നെ കണക്കാക്കി. ഇതു പുരാതന കാലംമുതല്‍തന്നെ രാജ്യം പിന്തുടര്‍ന്നിരുന്നു. ദൈവത്തെ പകുതി പുരുഷനും പകുതി സ്ത്രീയുമായുള്ള അര്‍ധനാരീശ്വര സങ്കല്‍പ്പത്തില്‍ കാണുന്ന മറ്റൊരു സംസ്‌കാരവുമില്ലെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി. രാജേഷ് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. രാഷ്ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജെ. ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 120 വനിതാ പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഇന്നു(മേയ് 27) വൈകിട്ടു മൂന്നിനു നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഉദ്ഘാടനം ചെയ്യും.