കേരളത്തിന്റെ ഉയര്‍ന്ന സാമൂഹിക സൂചകങ്ങള്‍ക്കു കാരണം സ്ത്രീ ശാക്തീകരണം: സ്പീക്കര്‍

post

സ്ത്രീ ശാക്തീകരണത്തിലും ലിംഗനീതിയിലും കേരളം കൈവരിച്ച നേട്ടങ്ങളാണ് ഉയര്‍ന്ന സാമൂഹിക സൂചകങ്ങള്‍ നേടുന്നതിനു ചാലകശക്തിയായതെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സര്‍ക്കാരുകളുടേയും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടേയും കാര്യക്ഷമമായ പ്രവര്‍ത്തനഫലമാണു കേരളത്തിന്റെ ഇന്നത്തെ സാമൂഹിക മുന്നേറ്റത്തിനു വഴിവച്ചത്. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീപോലുള്ള നിരവധി നവീകന ഉദ്യമങ്ങള്‍ക്കു കേരളം തുടക്കമിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണു കേരളമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയില്‍ പുരുഷ•ാര്‍ക്കൊപ്പം സ്ത്രീകളുമുണ്ടായിരുന്നു. അറിയപ്പെടുന്നതും അറിയപ്പെടാതെപോയതുമായ നിരവധി വനിതാ പോരാളികളുടെ ചരിത്രം പറയുന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ഝാന്‍സിയിലെ റാണി ലക്ഷ്മി ബായി മുതല്‍ കേരളത്തിലെ ക്യാപ്റ്റന്‍ ലക്ഷ്മി വരെയുള്ളവരെല്ലാം ഇതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. സ്ത്രീ മുന്നേറ്റത്തിന്റെ പിന്തുടര്‍ച്ചയും ശാക്തീകരണവും സാര്‍ഥകമാക്കുന്നതില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.