ഒരാഴ്ച നീളുന്ന കനകക്കുന്നിലെ 'എന്റെ കേരളം' മെഗാ മേളയ്ക്ക് കൊടിയേറി

post


*ജില്ലാതല ഉദ്ഘാടനം മന്ത്രി ജി.ആര്‍.അനിലിന്റെ അധ്യക്ഷതയില്‍ മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു


തിരുവനന്തപുരം: ലോകം മുഴുവന്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുമ്പോഴും ജാതിമതഭേദമില്ലാതെ സൗഹാര്‍ദത്തോടെ കഴിയുന്ന കേരള ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സമൂഹം ജാഗരൂകരായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  


സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും ശക്തമായ നടപടികള്‍ എടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. വിസ്മയ കേസ് സംബന്ധിച്ച സര്‍ക്കാരിന്റെ ഇടപെടല്‍ ഇതിന് തെളിവാണ്. സമൂഹത്തിന്റെ മനഃസാക്ഷിയെതൊട്ട കേസില്‍ പ്രതിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ 45 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി സര്‍വീസില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായി വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ഒരു വര്‍ഷമാണ് കടന്നു പോയത്. സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും പിന്തുണ ആര്‍ജിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ലോകത്തെ ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്നു. പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായി. കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസമായപ്പോള്‍ എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇപ്പോള്‍ സേവനം എത്തിക്കുന്നു. കേന്ദ്രം പൊതുമേഖല വിറ്റുതുലയ്ക്കുമ്പോള്‍ നമ്മള്‍ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി മാതൃക സൃഷ്ടിക്കുന്നു. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക ബസ്സുകള്‍ തയ്യാറാക്കി. മത്സ്യ മേഖലയിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സമുദ്ര ബസ്സ് ആരംഭിച്ചു. കോവളം-ബേക്കല്‍ ജലപാത യാഥാര്‍ഥ്യമാകാന്‍ പോകുന്നു. സില്‍വര്‍ലൈന്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളം ഏത് വികസിത രാജ്യത്തോടും കിടപിടിക്കുന്ന സ്ഥിതിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ച നീളുന്ന കനകക്കുന്നിലെ പ്രദര്‍ശനം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.


സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ലഭിക്കാത്ത ജനങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിത്. ഭക്ഷ്യ വകുപ്പില്‍ രണ്ട് ലക്ഷത്തി അമ്പത്തിനാലായിരം അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭ്യമാക്കി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കൃഷി വകുപ്പ് നടപ്പാക്കുന്നു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എല്ലാം ജനങ്ങളുടെ മുമ്പില്‍ അനുഭവസാക്ഷ്യമായുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


 ജില്ല കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്, ജില്ല വികസന കമ്മീഷണര്‍ വിനയ് ഘോയല്‍, സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ എന്നിവര്‍ സംസാരിച്ചു.


സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന പ്രദര്‍ശന നഗരിയില്‍ മുന്നൂറോളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.