സേവനങ്ങളിലെ വൈവിധ്യവും ജനമനസുകളെ തൊടുന്ന സ്റ്റാളുകളുമായി മെഗാമേള മുന്നേറുന്നു

post



സര്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന മേളയ്ക്ക് കനകക്കുന്നില്‍ വമ്പിച്ച സ്വീകരണം. തത്ക്ഷണവും സൗജന്യവുമായി ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ ജനഹൃദയങ്ങളില്‍ ചേര്‍ത്തുനിര്‍ത്തലിന്റെ അനുഭൂതി നല്‍കുന്നു. ആവാസ് കാര്‍ഡ് രജിസ്‌ട്രേഷനും മറ്റുമായി സ്റ്റാളില്‍ എത്തുന്ന അതിഥിതൊഴിലാളികള്‍, എല്ലാ വിഭാഗങ്ങള്‍ക്കിടയിലുമുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ സാക്ഷ്യപത്രമാണ്. സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിപാടികളിലൂടെയും ഓരോ വകുപ്പുകളും ജനഹൃദയങ്ങള്‍ കീഴടക്കി.


കഴിഞ്ഞ ദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാര പരിസരം സാക്ഷ്യം വഹിക്കുന്നത് അതിന്റെ പ്രതിഫലനമാണ്. സ്മാര്‍ട്ട് അങ്കണവാടിയുടെ മാതൃകയടക്കം പ്രായഭേദമന്യേ ഏത് വിഭാഗക്കാര്‍ക്കും ആസ്വാദ്യകരമാകും വിധമാണ് മേള ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ടിങ് സ്‌പോട്ട്, തത്സമയ 'നെയ്ത്തും നൂല്‍പ്പും', മണ്‍പാത്ര നിര്‍മാണം, ജയില്‍ വകുപ്പ് ഒരുക്കിയിരിക്കുന്ന മാതൃക, കൃഷി വകുപ്പിന്റെ പ്രദര്‍ശനത്തോട്ടങ്ങള്‍, വനം വകുപ്പ് ഒരുക്കിയ കാടിന്റെ ചെറുപതിപ്പ് എന്നിവ സെല്‍ഫി- ഫോട്ടോഗ്രഫി പ്രേമികളുടെ പ്രിയപ്പെട്ട ഇടമായി മാറി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രായോഗിക പഠന പരിപാടികള്‍, കേരള പോലീസിന്റെ സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി, എക്‌സൈസ് വകുപ്പിന്റെ ഗെയിം പോയിന്റ്, വിവിധ വകുപ്പുകളുടെ ക്വിസ് മത്സരങ്ങള്‍ തുടങ്ങി ഓരോ സ്റ്റാളും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നു.


വകുപ്പുകളും അവയ്ക്കു കീഴിലുള്ള ചെറുകിടവ്യാപാരികളും നടത്തുന്ന വിപണന സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് ന്യായവിലയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നു. മറ്റു വിപണികളില്‍ ലഭ്യമല്ലാത്ത കരകൗശല ഉത്പന്നങ്ങള്‍ക്കാണ് മേളയില്‍ ആവശ്യക്കാര്‍ ഏറെ. പ്രാതല്‍ മുതല്‍ അത്താഴ വിഭവങ്ങള്‍ വരെ വിളമ്പുന്ന ഫുഡ് കോര്‍ട്ടുകളാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. വിവിധ ജില്ലകളുടെ തനത് രുചികള്‍ ഇവിടെ നിന്നും ആസ്വദിക്കാം. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന കലാ- സാംസ്‌കാരിക പരിപാടികള്‍ തലസ്ഥാന നഗരിയില്‍ ഉത്സവാരവം തീര്‍ക്കുകയാണ്. ജൂണ്‍ രണ്ടുവരെയാണ് മേള നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.