ആറ്റുകാല്‍ പൊങ്കാല: വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

post

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത ലൈറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സമീപത്ത് പൊങ്കാല അര്‍പ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികള്‍ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്. ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടരുത്. വൈദ്യുതി പോസ്റ്റിനു ചുവട്ടിലും വൈദ്യുത ലൈനുകള്‍ക്കിടയിലും പൊങ്കാലയിടാന്‍ അനുവദിക്കരുത്. ക്ഷേത്ര പരിസരങ്ങളില്‍ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഗുണനിലവാരം ഉള്ള വൈദ്യുതി വയറുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ മാത്രം ഉപയോഗിക്കുക. ഉത്സവവേളകളില്‍ ജനറേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍, അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍ മുഖേന നടത്തി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. 
വഴിയരികില്‍ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍/ ദീപാലങ്കാരങ്ങള്‍/ വയറുകള്‍ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. ഗേറ്റുകള്‍, ഇരുമ്പ് തൂണുകള്‍, ഗ്രില്ലുകള്‍, ലോഹബോര്‍ഡുകള്‍ എന്നിവയില്‍ ദീപാലങ്കാരങ്ങള്‍ ചെയ്യരുത്. വൈദ്യുത ലൈനിനു സമീപത്തായി ബാനറുകള്‍, കമാനങ്ങള്‍ പരസ്യബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കരുത്. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍ വയറിംഗിനായി ഉപയോഗിക്കരുത്. വൈദ്യുത ലൈനുകള്‍ക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകള്‍ അലക്ഷ്യമായി എടുക്കുകയോ എറിയുകയോ ചെയ്യരുത്. താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളില്‍ ഗുണമേന്‍മയുള്ള ഇ.എല്‍.സി.ബി (30 മില്ലി ആമ്പിയര്‍) സ്ഥാപിക്കുക.  മുള തൂണുകളില്‍ ട്യൂബ് ലൈറ്റുകളോ ബള്‍ബുകളോ കെട്ടി കയ്യില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണം. വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്‌ളോട്ടുകള്‍, വൈദ്യുത ലൈനുകള്‍ക്ക് താഴെ വാഹനത്തില്‍ കൊണ്ടുപോകരുത്. ഫ്‌ളോട്ടുകള്‍ വൈദ്യുത ലൈനിനു സമീപം വരുമ്പോള്‍ ലൈനുകള്‍ സ്വയം ഉയര്‍ത്താന്‍ ശ്രമിക്കാതിരിക്കുക. വൈദ്യുത പോസ്റ്റുകളില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാതിരിക്കുക, അനധികൃതമായ വയറിംഗ് നടത്താതിരിക്കുക, തുടര്‍ച്ചയായ വൈദ്യുത കണക്ഷന്‍ എടുക്കുന്നതിന് ഗുണനിലവാരമള്ള പ്ലഗ്ഗുകള്‍, സോക്കറ്റുകള്‍, കണക്ടറുകള്‍ എന്നിവ ഉപയോഗിക്കുക. വൈദ്യുതലൈന്‍ പൊട്ടി വീണത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം.