ഫറോക്ക് പഴയപാലം നവീകരണത്തിന് 91 ലക്ഷംരൂപ; മൂന്നു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും

post


കോഴിക്കോട്:കേരളത്തിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ അഭിപ്രായവ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്. പതിനാലാം പഞ്ചവത്സരപദ്ധതിയുടെയും ഫറോക്ക് നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണത്തിന്റെയും ഭാഗമായി ഫറോക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫറോക്ക് പഴയപാലത്തിന്റെ സ്റ്റബിലിറ്റി പ്രശ്നം പരിഹരിക്കുന്നതിനായുള്ള നവീകരണപ്രവൃത്തികൾക്ക് നേരത്തെ 91 ലക്ഷംരൂപ വകുപ്പ് അനുവദിച്ചിരുന്നു. മൂന്നു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയെന്നത് വകുപ്പിന്റെ പ്രധാന ലക്ഷ്യമാണ്. ഫറോക്ക് പഴയപാലം മുതൽ പുതിയപാലം വരെയുള്ള റോഡ് വീതികൂട്ടുന്നതിനുള്ള ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഫറോക്ക് മുനിസിപ്പാലിറ്റി പരിധിയിൽ നവീകരിക്കപ്പെടേണ്ട റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിക്കും. റോഡ് നവീകരണത്തിനായി 27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നല്ലൂർ-പെരുമുഖം റോഡ്, ഫറോക്ക് - കരുവൻതിരുത്തി - ചാലിയം റോഡ്, ഓൾഡ് കോട്ടക്കടവ് റോഡ് എന്നിവ ഇതിലുൾപ്പെടും.


ടിപ്പു സുൽത്താൻ കോട്ട, നല്ലൂർ ക്ഷേത്രം, കടലുണ്ടി പഞ്ചായത്തിലെ അതിപുരാതന മുസ്‌ലിം പള്ളി എന്നിവയുടെ നവീകരണത്തിനായുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും.നല്ലൂർ ജി. എൽ. പി. സ്കൂളിൽ നീന്തൽക്കുളത്തിനും മറ്റുമായി ഒരുകോടി രൂപയും, ചന്ത സ്കൂളിനു മൂന്നു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിൽ കുട്ടികൾക്കായുള്ള കളിസ്ഥലവും പാർക്കും തുടങ്ങുന്നതിനു സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.താലൂക്ക് ആശുപത്രി വികസനത്തിനായി 23.5 കോടിരൂപ അനുവദിച്ചിട്ടുണ്ട്. വട്ടക്കിണർ മുതൽ അരീക്കാട് വരെ മേൽപ്പാലം നിർമിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.