ആഘോഷങ്ങള്‍ക്ക് ഇന്ന് കൊടിയിറക്കം

post


അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന 'എന്റെ കേരളം' മെഗാമേളയ്ക്ക് ഇന്ന് (ജൂണ്‍ 2) തിരശീല വീഴും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്. സൗജന്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും പ്രദര്‍ശന വിപണന മേള ആസ്വദിക്കാനും വ്യാഴാഴ്ച കൂടി അവസരമുണ്ട്.


വിവിധ തരം ഹല്‍വകള്‍, വനംവകുപ്പിന്റെ മറയൂര്‍ ശര്‍ക്കര, ചെറുതേന്‍, വന്‍തേന്‍, കറുത്തകുന്തിരിക്കം, വെള്ള കുന്തിരിക്കം, എലയ്ക്ക, കുരുമുളക്, മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല മിഠായികള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. മില്‍മയുടെ സ്റ്റാളുകളിലും വിവിധ സ്വാദിലുള്ള ഐസ്‌ക്രീം, പേഡ എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടുതലായെത്തി. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിട്ട വ്യാപാരികള്‍ക്ക് കമ്പോളം തിരികെ പിടിക്കാനുള്ള അവസരവും മേളയിലൂടെ ലഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്റ്റാളുകള്‍ സ്ത്രീശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ച്ചയായി. കുടുംബശ്രീയും മസ്‌ക്കറ്റ് ഹോട്ടലും ജയില്‍ വകുപ്പും ഫിഷറീസ് വകുപ്പും എല്ലാം ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയും ഏവരെയും ആകര്‍ഷിച്ചു. ചിക്കന്‍ പൊട്ടിത്തെറിച്ചതും മലബാര്‍ വിഭവങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ടായി. എല്ലാ ദിവസവും നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനം വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ആഡിറ്റോറിയത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മറ്റ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ജനപ്രതിനിധികള്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നയിക്കുന്ന മാജിക്കല്‍ മ്യൂസിക് നൈറ്റുമുണ്ടാകും.