എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള, ജില്ലാതല ആഘോഷങ്ങള്‍ സമാപിച്ചു

post

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം മെഗാ മേള സമാപിച്ചു. കഴിഞ്ഞ എഴുദിവസങ്ങളായി കനകക്കുന്നില്‍ സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേള സേവന മികവുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.


സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഇരുപതോളം സേവന സ്റ്റാളുകളുകളില്‍ നിന്നും നാലായിരത്തില്‍ അധികം പേര്‍ക്കാണ് സേവനങ്ങള്‍ നല്‍കിയത്. നൂറ്റിനാല് പ്രദര്‍ശന സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങള്‍ വിപണി വിലയെക്കാള്‍ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്പന നടത്തിയ വിപണന സ്റ്റാളുകളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുവനന്തപുരത്തിന്റെ തനതായ രുചികളും മറ്റ് ജില്ലകളിലെ വ്യത്യസ്തമായ രുചികളും ഗോത്ര രുചികളും ആസ്വദിക്കാനാവുന്ന വിധത്തില്‍ വിപുലമായ ഭക്ഷ്യമേളയാണ് ഒരുക്കിയത്. അനന്തപുരിക്ക് ഉത്സവമേളം സമ്മാനിച്ച് നടന്ന കലാപരിപാടികളും മേളയുടെ മാറ്റ് കൂട്ടുന്നവയായിരുന്നു.