ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നിക്ഷേപക സഹായ കേന്ദ്രങ്ങളാവണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം :  ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നിക്ഷേപകരെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ നിക്ഷേപകര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രങ്ങള്‍ക്ക് കഴിയണം. ആഴ്ചയിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വ്യവസായ വിദഗ്ധരെക്കൂടി കേന്ദ്രത്തിലെത്തിച്ച് നിക്ഷേപകര്‍ക്ക് ദിശാബോധം പകരണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമേഖല സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് സംവിധാനം ശാസ്ത്രീയമാവണം. ഇതിനാവശ്യമായ പരിശീലന പരിപാടികള്‍ വ്യവസായ വകുപ്പ് സംഘടിപ്പിക്കണം. സി. ഇ. ഒ, എം. ഡി എന്നിവര്‍ക്ക് പുറമെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാന്‍ മുഴുവന്‍ സമയ ഡയറക്ടറെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. നാളികേരപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. റബറില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കായി സിയാല്‍ മോഡലില്‍ ഒരു ഫാക്ടറി സ്ഥാപിക്കും. ഇതിനായി എച്ച്. എന്‍. എലിലെ സ്ഥലം പ്രയോജനപ്പെടുത്തും. കാര്‍ഷികോത്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് ഒട്ടേറെ സാധ്യതയുണ്ട്.
പുതിയ വ്യവസായ എസ്‌റ്റേറ്റുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഒരുക്കുന്നത് പരിഗണനയിലാണ്. ഇപ്പോള്‍ കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് സ്റ്റാര്‍ട്ട് അപ്പുകളാണ്. ഐ. ടിയ്‌ക്കൊപ്പം മറ്റു മേഖലകളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ടാവണം. സ്റ്റാര്‍ട്ട് അപ്പ് സംവിധാനം വികസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രവാസികള്‍ക്കുള്‍പ്പെടെ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തുന്നതിന് നിര്‍ണായകമായത് വ്യവസായ രംഗത്തെ മികച്ച പ്രകടനമാണ്. 2018ല്‍ 68 പോയിന്റ് നേടിയ സ്ഥാനത്ത് 2019ല്‍ 88 പോയിന്റ് നേടാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എന്നിവര്‍ സംസാരിച്ചു.