വൃക്ഷ സമൃദ്ധിയിലൂടെ 2.40 ലക്ഷം വൃക്ഷതൈ

post



ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് വൃക്ഷസമൃദ്ധി പദ്ധതിയിലൂടെ ജില്ലയിൽ ഉൽപാദിപ്പിച്ചത് 2.40 ലക്ഷം വൃക്ഷ തൈ.

ഇതിനായി 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 56 ഗ്രാമപഞ്ചായത്തുകളിലായി 58 നഴ്‌സറികൾ ആരംഭിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗിച്ചാണ് വൃക്ഷതൈകൾ ഇവിടെ ഉത്പാദിപ്പിച്ചത്. വിത്തുകളും വിദഗ്ധ ഉപദേശവും സാമൂഹിക വനവൽക്കരണ വകുപ്പ് ലഭ്യമാക്കി.


പ്ലാവ്, നെല്ലി, ചാമ്പ, പേര, ആര്യവേപ്പ്, കറിവേപ്പ്, നാരകം, കുടംപുളി, വാളംപുളി, മാതളം, മാവ്, മുള, ഈട്ടി, മുരിങ്ങ, മഹാഗണി, വാക, കടുക്ക, അമുക്കരം, റംബൂട്ടാൻ, ദന്തപാല, ഊങ്ങ്, കൂവളം, അശോകം, സീതാപ്പിൾ എന്നിവയുടെ തൈകളാണ് കൂടുതലായും ഉൽപാദിപ്പിച്ചത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും കുടുംബശ്രീയും തൈകളുടെ വിതരണത്തിനും സംരക്ഷണത്തിനും വേണ്ട നടപടികൾ സ്വീകരിക്കും.


ജൂൺ അഞ്ചുമുതൽ ഇവ വിതരണം ചെയ്യും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തൊഴിലുറപ്പ് പദ്ധതി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്വകാര്യഭൂമിയിലും തൈകൾ നട്ടുപരിപാലിക്കുകയാണ് ലക്ഷ്യം.