സേഫ് കൊല്ലം :ബോധവല്‍ക്കരണത്തിന് വേറിട്ട മുഖം നല്‍കി ശുചിത്വമിഷന്‍

post

കുട്ടികളിലേക്ക് ആശയപ്രചാരണം നടത്തി സേഫ് കൊല്ലം എന്ന വലിയ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി കടന്നെത്തുകയാണ് ജില്ലാ ശുചിത്വ മിഷന്‍. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍  പ്രകൃതി, ജലം, കുട്ടികള്‍, റോഡ്, ഭക്ഷണം എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളാണ് വര്‍ണ കാര്‍ഡുകളായി ഇനി വീടുകളിലേക്ക് എത്തുക. വിദ്യാര്‍ഥികളിലൂടെ രക്ഷിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും സന്ദേശമെത്തിക്കുന്നതിനാണ് പുതിയ രീതി അവലംബിക്കുന്നത്.

ഭക്ഷ്യസുരക്ഷ സംബന്ധിക്കുന്ന വിവരങ്ങള്‍ അടങ്ങിയ കാര്‍ഡ് വിതരണം ചെയ്ത് പദ്ധതി വിഭാവനം ചെയ്ത ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സേഫ് കൊല്ലം പദ്ധതി സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.

അഞ്ച് വ്യത്യസ്ത കാര്‍ഡുകളാണ്  തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ സുരക്ഷ പ്രതിപാദിക്കുന്ന  കാര്‍ഡില്‍ രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലഹരി വസ്തുക്കളുടെ ദോഷവശങ്ങള്‍  കാര്‍ഡിലൂടെ മനസിലാക്കാം.

പ്രകൃതി സുരക്ഷ പ്രതിപാദിക്കുന്ന പാഠഭാഗത്തില്‍  മാലിന്യമുക്തമായ പരിസരം എന്ന ലക്ഷ്യത്തിലേക്കുള്ള വഴികളാണ് കാണാനാവുക. ജൈവ,അജൈവ മാലിന്യ സംസ്‌കരണ രീതികളും പ്രതിപാദിച്ചിട്ടുണ്ട്.  

ജലസുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനൊപ്പം ജലം പാഴാക്കരുതെന്ന സന്ദേശവും ജലം സംഭരിക്കുന്നതിന്റെ ആവശ്യകതയും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.    

പ്രൈമറി തലംമുതല്‍   കോളേജ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 50,000 കാര്‍ഡുകളാണ് തുടക്കത്തില്‍ വിതരണം ചെയ്യുക  എന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി സുധാകരന്‍ പറഞ്ഞു.

അഷ്ടമുടി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകല, ഡയറ്റീഷ്യന്‍ രശ്മി, പ്രിന്‍സിപ്പല്‍ പോള്‍, ഹെഡ്മാസ്റ്റര്‍ ശ്രീകുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.