മത്സ്യബന്ധന മേഖലയില്‍ അപകടരഹിതമായ വര്‍ഷമാണ് ലക്ഷ്യം : മന്ത്രി. വി അബ്ദുറഹിമാന്‍

post

ഉത്തരവാദിത്തമത്സ്യബന്ധനം, കടല്‍സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു


മത്സ്യബന്ധന മേഖലയില്‍ അപകടരഹിതമായ വര്‍ഷമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ താനൂര്‍ ഫിഷിങ് ഹാര്‍ബറില്‍ സംഘടിപ്പിച്ച ഉത്തരവാദിത്തമത്സ്യബന്ധനം, കടല്‍ സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹംപറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മറ്റ് നാടുകളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. ഈ പ്രവണത ഒഴിവാക്കണമെന്നും വിലപ്പെട്ട ജീവന്‍ നഷ്ട്ടപെടുത്തരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നിരവധി സഹായങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്.സൗജന്യമായി ലൈഫ്‌ബോയ്, ലൈഫ്ജാക്കറ്റ്,75 ശതമാനം സബ്സിഡി നിരക്കില്‍ ആധുനിക സുരക്ഷാ ഉപകരണങ്ങളായ സാറ്റ്‌ലൈറ്റ് ഫോണ്‍, ജി പി എസ് ഡാര്‍ട്ട് എന്നിവയും നല്‍കുന്നുണ്ട്.


ജൂണ്‍ ഒന്‍പതിന് ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് ഫൈബര്‍ യാനങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ബീക്കണ്‍ എന്നിവ കരുതണം. കഴിഞ്ഞ വര്‍ഷം അപകടത്തില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ട്ടപെടുന്ന സ്ഥിതിയുണ്ടായി. ഇത്തവണ അത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധമായും സുരക്ഷാമുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് മോക്ഡ്രില്ലും അരങ്ങേറി.

മത്സ്യഫെഡ് ബോര്‍ഡ് അംഗം ഹനീഫാ മാസ്റ്റര്‍, ജില്ലാ മാനേജര്‍ മനോജ്,ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനിത, അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ അരുണ്‍ ഷൂരി, കെ. പി. ഒ അംജദ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ്, എംപി അഷ്റഫ്, എം അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


റെസ്‌ക്യൂ ഗാര്‍ഡുമാരായ അസ്ഹര്‍, യുനൈസ്, ജാഫര്‍, അന്‍സാര്‍ എന്നിവരാണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം വിശദീകരിക്കുന്ന മോക്ക് ഡ്രില്ലില്‍ പങ്കെടുത്തത്.