ഫയലുകള്‍ തീര്‍പ്പാക്കാന്‍ 15 മുതല്‍ തീവ്രയജ്ഞ പരിപാടി

post


ആലപ്പുഴ: കെട്ടികിടക്കുന്ന ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ ജില്ലയില്‍ തീവ്രയജ്ഞ പരിപാടി നടത്തും. ജില്ലപഞ്ചായത്ത് ഹാളില്‍ കര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം അദാലത്തിന്‍റെ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.


കോവിഡ് പ്രതിസന്ധിമൂലം തുടര്‍ നടപടികള്‍ വൈകിയ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും ഇതേ സമയത്ത് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


എല്ലാ വകുപ്പുകളുടെയും ഓഫീസുകളില്‍ തീരുമാനമെടുക്കാനുള്ള ഫയലുകളുടെ കണക്കെടുപ്പ് ജൂണ്‍ 10ന് മുന്‍പ് പൂര്‍ത്തീകരിക്കണം. ഇവ തീര്‍പ്പാക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കുകയും എല്ലാ വകുപ്പും ജില്ലാതലത്തിലും താഴേ തലങ്ങളിലും ഓരോ ടീമിനെ വീതം നിയോഗിച്ച് പുരോഗതി വിലയിരുത്തുകയും വേണം.


രണ്ടാഴ്ച കൂടുമ്പോള്‍ വകുപ്പ് തലത്തിലും മാസത്തില്‍ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തിൽ ജിലാ തലത്തിലും അവലോകനം നടത്തും. വകുപ്പു തല പുരോഗതി അതത് മന്ത്രിമാര്‍ വിലയിരുത്തും.


ഫയലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമപരമായോ ചടങ്ങള്‍ പ്രകാരമോ തടസം നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം അവലോകന യോഗങ്ങളില്‍ അറിയിക്കണം.

ഫയല്‍ തീര്‍പ്പാക്കൽ പൂർത്തീകരിച്ചതിൻ്റെ വകുപ്പുതല റിപ്പോർട്ട് ഒക്ടോബര്‍ പത്തിനകവും എല്ലാ വകുപ്പുകളുടെയും വിവരങ്ങള്‍ അടങ്ങുന്ന സമഗ്ര റിപ്പോര്‍ട്ട് ഒക്ടോബര്‍ 15 നകവും

പ്രസിദ്ധീകരിക്കും.


ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഉദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ഉറപ്പുവരുത്തുന്നതിന് സര്‍വീസ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു.