നാഷണല്‍ ഇ-സര്‍വീസ് ഡെലിവറി അസസ്‌മെന്റില്‍ കേരളം രാജ്യത്ത് മുന്നില്‍

post

നാഷണല്‍ ഇ-ഗവേണന്‍സ് ഡെലിവറി അസസ്‌മെന്റില്‍ കേരളം ഇന്ത്യയില്‍ മുന്നില്‍. നാഷണല്‍ ഇ-സര്‍വീസ് ഡെലിവറി അസസ്‌മെന്റിന്റെ സ്റ്റേറ്റ് പോര്‍ട്ടല്‍ വിഭാഗത്തില്‍ ഗ്രൂപ്പ് 'എ'യില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തി. ഡിജിറ്റല്‍ സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ ഗ്രൂപ്പ് 'എ'യില്‍ ആറാം റാങ്കും കേരളത്തിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റിവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവെന്‍സസ്(ഡിഎആര്‍പിജി)യാണു നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്‌മെന്റ് നടത്തുന്നത്.

സര്‍ക്കാരിന്റെ www.kerala.gov.in, www.services.kerala.gov.in എന്നീ പോര്‍ട്ടലുകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്കു വഴിതുറക്കുന്ന ഏറ്റവും മികച്ച ഏകജാലക സംവിധാനമെന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലായ www.kerala.gov.in ന്റെ നേട്ടം. തമിഴ്‌നാട്, പഞ്ചാബ് എന്നിവയാണ് ഈ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. ഡിജിറ്റല്‍ ഡെലിവറി സര്‍വീസ് വിഭാഗത്തിലാണു സര്‍ക്കാരിന്റെ ഔദ്യോഗിക സര്‍വീസ് പോര്‍ട്ടലായ www.services.kerala.gov.in ആറാം സ്ഥാനത്തെത്തിയത്. സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തതു സിഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്യുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമാണ്.