തളിപ്പറമ്പില്‍ ഒരുങ്ങുന്നത് ജനാധിപത്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കില അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം- കേരള, ശിലയിട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളേജ് എന്നിവ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള പുതിയ ചുവടുവെപ്പാകും. പുതിയ കാലത്തിനനുസരിച്ച് ചിന്തിക്കുകയും, വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന യുവതലമുറയെയും നേതാക്കളെയും സൃഷ്ടിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. സോഷ്യല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പടെയുള്ള ഉന്നത പഠന, ഗവേഷണ, വിജ്ഞാന വിനിമയ കേന്ദ്രമാക്കി വികസിപ്പിക്കുകയാണിവിടം. മാനവിക-സാമൂഹിക വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര, സാങ്കേതിക, കമ്മ്യൂണിക്കേഷന്‍, ആസൂത്രണ വിഷയങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഗവേഷണവും പഠന പ്രവര്‍ത്തനങ്ങളും ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ ആഗോള പ്രശസ്തരായ വിദഗ്ധരെ ഇതിന്റെ ഭാഗമാക്കും.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നിര്‍വ്വഹണ മേഖലകള്‍ക്കും സഹായകമാകും വിധം വിദഗ്ധരെ രൂപപ്പെടുത്തും. അന്താരാഷ്ട്ര നേതൃപഠന കേന്ദ്രത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് എന്ന പേരില്‍ ആരംഭിക്കുന്ന പിജി കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. നവീനവും ലോകനിലവാരത്തിലുള്ളതുമായ പിജി കോഴ്സുകളാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട് ആരംഭിക്കുക.
നിലവില്‍ മൂന്ന് കോഴ്സുകളാണ് ആരംഭിക്കുന്നത്-എംഎ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആന്‍ഡ് ഡവലപ്മെന്റ്, എംഎ ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഗവേണന്‍സ്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദതലത്തില്‍ കേരളത്തില്‍ മറ്റ് കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ പഠനാവസരമില്ല.
നിലവിലുള്ള കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കോളേജ് ആരംഭിക്കുക.
തദ്ദേശ സ്ഥാപനങ്ങളെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് അവര്‍ക്കാവശ്യമായ വിവര, വിജ്ഞാന, സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്ന നോളജ് സിറ്റി രൂപപ്പെടുത്തുകയാണ് അടുത്ത ഘട്ടം പ്രവര്‍ത്തനം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസന രംഗത്ത് പ്രത്യേക പങ്കുവഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ നോളജ് സിറ്റിയെ മാറ്റും. നാട്ടിലെ ടൂറിസത്തിനും മറ്റ് പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്ന ഒന്നായി ഈ കേന്ദ്രം മാറും. പ്രാദേശിക സാമ്പത്തിക വികസനം, നോളജ് സിറ്റി, ടൂറിസം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, തുടങ്ങിയ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. അതിന്റെ ഭാഗമായി പുതിയ കോഴ്സുകളും ഗവേഷണ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ അന്തരാഷ്ട്ര നേതൃപഠന കേന്ദ്രത്തില്‍ നടപ്പിലാക്കും. പ്രാദേശിക തലത്തിലുള്ള ഗവേഷണങ്ങളും സംഘടിപ്പിക്കും. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ആശയ പ്രഭവകേന്ദ്രമായി അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം മാറും.