ജില്ലയിലെ ഹയര്‍ സെക്കന്ററി വിജയശതമാനം ഉയര്‍ത്താന്‍ ' കൈത്താങ്ങ് '

post

 

പത്തനംതിട്ട  : ഹയര്‍ സെക്കന്ററി പരീക്ഷാ ഫലത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പത്തനംതിട്ട ജില്ലയിലെ വിജയശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'കൈത്താങ്ങ്' പദ്ധതിയുടെ രൂപരേഖയായി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ഡിഐഇടി(ഡയറ്റ്)എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കൈത്താങ്ങ് 2019 എന്ന പേരില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ യോഗം കളക്ടറേറ്റില്‍ നടന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പദ്ധതി അവതരണയോഗം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി അനിത അധ്യക്ഷത വഹിച്ചു. 

പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും ഒരുക്കങ്ങള്‍ നടത്തും. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, അംഗങ്ങള്‍, ഹയര്‍സെക്കന്ററി റീജണല്‍ ഡെപ്യുട്ടി ഡയറക്ടര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോര്‍ഡിനേറ്റര്‍, സര്‍വ ശിക്ഷാ കേരളം എന്നിവരാണ് നിര്‍വഹണ ചുമതലയുള്ളവര്‍. 

ഹയര്‍ സെക്കന്ററിയിലെ 16 വിഷയങ്ങളുടെ റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ച് കുട്ടികള്‍ക്കുള്ള പഠന സഹായികള്‍ തയ്യാറാക്കി സ്‌കൂളുകളില്‍ വിതരണം ചെയ്യും. സ്‌കൂള്‍ തലത്തില്‍ എല്ലാ വെളളിയാഴ്ചകളിലും സ്റ്റാഫ് മീറ്റിംഗും എസ്.ആര്‍.ജി മീറ്റിംഗും നടത്തും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും കൈത്താങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തും. ഡിസംബര്‍ 31 ന് മുമ്പ് രണ്ടാം വര്‍ഷത്തെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കും. ജനുവരി ആറിനകം പി.ടി.എ യോഗം ചേര്‍ന്ന് രക്ഷിതാക്കളേയും കുട്ടികളേയും ബോധവത്ക്കരിക്കും. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ജനുവരി ഏഴ് മുതല്‍ പ്രത്യേക ക്ലാസുകള്‍ നടത്തും. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകരെ ചുമതല ഏല്‍പ്പിക്കും. വായന, എഴുത്ത്, പരീക്ഷ, ചോദ്യപേപ്പര്‍ വിശകലനം എന്നിവ പ്രത്യേക ക്ലാസുകളായി നടത്തും. ആവശ്യമുള്ള സ്‌കൂളുകളില്‍ വൈകുന്നേരവും രാത്രിയിലും ക്ലാസുകള്‍ നടക്കും. കുട്ടികളുടെ ഹാജരും പ്രകടനവും രേഖപ്പെടുത്തും. ജില്ലാ തലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും മോണിറ്ററിംഗ് ഉണ്ടാകും.