വികസനത്തിനൊപ്പം നാട് ഒരുമിച്ച് നില്‍ക്കണം : മന്ത്രി വി. അബ്ദുറഹിമാന്‍

post

താനൂര്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി താനാളൂര്‍ പഞ്ചായത്തിന്റെ പൈപ്പ്‌ലൈന്‍ ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

താനൂര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച താനാളൂര്‍ പഞ്ചായത്തിന്റെ പൈപ്പ്‌ലൈന്‍ ശൃംഖലയുടെ ഉദ്ഘാടനം ശിലാഫലകം അനാഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു മന്ത്രി. 2017ല്‍ ചെറിയമുണ്ടം പഞ്ചായത്ത് പരിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച താനൂര്‍ കുടിവെള്ളപദ്ധതിയുടെ പഞ്ചായത്ത് തല പൈപ്പ്‌ലൈന്‍ ശൃംഖലയുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.100 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ളപദ്ധതിക്ക് തുടക്കം കുറിച്ചത്. താനൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും വീടുകളിലേക്ക് കുടിവെള്ള കണക്ഷന്‍ എത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചത് 228.5 കോടി രൂപയാണ്. 45 ദശലക്ഷം ലിറ്റര്‍ വെള്ളം ഒരേ സമയം സംഭരിക്കാവുന്നതും ശുദ്ധീകരിക്കുന്നതുമായ രണ്ട് ടാങ്കുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. എം മല്ലിക ടീച്ചര്‍ അധ്യക്ഷയായി. ചടങ്ങില്‍ കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. എസ് അന്‍സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി. അബ്ദുല്‍റസാഖ്, താനാളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. വി സിനി, അമീറ കുനിയില്‍ , പി. സതീശന്‍, അംഗങ്ങളായ ചാത്തേരി സുലൈമാന്‍, കെ. ഫാത്തിമ ബീവി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എന്‍. മുജീബ് ഹാജി, എന്‍. പി അബ്ദുല്‍ ലത്തീഫ്, കെ. വി മൊയ്തീന്‍കുട്ടി, പി. എസ് അബ്ദുല്‍ ഹമീദ് ഹാജി, സുലൈമാന്‍ അരീക്കാട്, കക്കോടി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.