പൊതു നിരത്തിലെ മത്സര ഓട്ടം തടയാന്‍ ഓപ്പറേഷന്‍ റേസ്

post

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് . ചെറുപ്പക്കാരുടെ അപകടകരമായ പൊതു നിരത്തിലെ മത്സര ഓട്ടം തടയാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന 'ഓപ്പറേഷന്‍ റേസ്.' എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും. പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.