പൊന്നാനിയിൽ കപ്പലടുപ്പിക്കുന്നതിന് മുന്നോടിയായി വിശദമായ പദ്ധതി രേഖ തയ്യാറാക്കും

post

ഉന്നത ഉദ്യോഗസ്ഥ സംഘം പൊന്നാനി തുറമുഖ പ്രദേശം സന്ദർശിച്ചു


ചരക്ക്, യാത്ര ഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകി പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനാവശ്യമായ വിവരങ്ങൾ അടങ്ങിയ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി പി.നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.


200 മീറ്റർ നീളത്തിൽ ചരക്ക് കപ്പലുകൾക്കുൾപ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡി.പി.ആറാണ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുന്നത്. പൊന്നാനി തുറമുഖത്തിനായി കേന്ദ്ര സർക്കാറിൻ്റെ സാഗർ മാല പദ്ധതിയിൽ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. നൂറ് കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കുന്ന തരത്തിലായിരിക്കും പദ്ധതി തയ്യാറാക്കുക. നിലവിൽ പൊന്നാനി അഴിമുഖത്ത് ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ്ങ് നടത്തി 10 മീറ്ററോളം ആഴം വർധിപ്പിക്കാനാണ് തീരുമാനം.ലക്ഷദ്വീപുമായി ഏറ്റവും ദൂരക്കുറവുള്ള തുറമുഖം പൊന്നാനിയായതിനാൽ ചരക്ക് ഗതാഗതത്തിന് പുറമെ യാത്ര ഗതാഗതത്തിനും സാധ്യതകൾ ഏറെയെന്നാണ് നിഗമനം.

കൂടാതെ കോയമ്പത്തൂരിലേക്കുൾപ്പെടെ വാണിജ്യ സാധനങ്ങൾ കയറ്റിയയക്കാനുള്ള സാധ്യതയും വർധിക്കും.പുരാതന കാലത്ത് കപ്പലടുത്തിരുന്ന തുറമുഖമെന്നതിനാൽ കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ വർധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ മലബാറിലെ കപ്പൽ ഗതാഗതത്തിൻ്റെ പ്രധാന കവാടമായി പൊന്നാനി മാറും.ഡി.പി.ആറിന് അംഗീകാരം ലഭിച്ചാൽ വാർഫ് നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.


പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, മാരിടൈം ബോർഡ് സി.ഇ.ഒ ടി.പി സലീം കുമാർ, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി അൻവർ സാദത്ത്, കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിനി പ്രതാപ് ,ഹാർബർ എഞ്ചിനീയറിങ് സൂപ്രണ്ടിങ് ഓഫീസർ കുഞ്ഞി മമ്മു പറവത്ത്, പോർട്ട് കൺസർവേറ്റർ ത്രിപീദ്എന്നിവരും എം.എൽ.എ ക്കൊപ്പം ഉണ്ടായിരുന്നു