സംസ്ഥാന റവന്യൂ കലോല്‍സവം ജൂണ്‍ 24 മുതല്‍ 26 വരെ തൃശൂരില്‍

post


കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് ആതിഥ്യം വഹിക്കാനൊരുങ്ങി തൃശൂര്‍. ജൂണ്‍ 24, 25, 26 തിയ്യതികളില്‍ തെക്കേ ഗോപുര നടയിലെ പ്രധാനവേദി, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലാമത്സരങ്ങള്‍ നടക്കുക. കലോത്സവത്തിന് ജൂണ്‍ 24 വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടില്‍ നടക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാകുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. കലോത്സവത്തോടനുബന്ധിച്ച് രാമനിലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറും സന്നിഹിതയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പത്മശ്രീ പുരസ്‌ക്കാര ജേതാക്കളായ പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, പ്രൊഫസര്‍ കെ സച്ചിദാനന്ദന്‍, സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സിനിമാ താരങ്ങളായ ഇന്നസെന്റ്, ജയരാജ് വാര്യര്‍, ഫുട്‌ബോള്‍താരം ഐ എം വിജയന്‍, സംഗീതജ്ഞരായ വിദ്യാധരന്‍ മാസ്റ്റര്‍, ഹരിനാരായണന്‍ തുടങ്ങിയ കലാ-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ഘോഷയാത്രയില്‍ വാദ്യ മേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുണ്ടാകും. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കുമെന്നും മന്ത്രി അറിയിച്ചു. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം സാസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നാടന്‍ കലാ സന്ധ്യയും അരങ്ങേറും.


ജില്ലാ കലക്ടര്‍മാര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റുമാര്‍ വരെയുള്ള റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാര്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരം നല്‍കുകയും ജോലിത്തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ അവര്‍ക്ക് മാനസികോല്ലാസം ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ കലോല്‍സവം സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ റവന്യൂ കലോല്‍സവം നടക്കുന്നത് ഇതാദ്യമായാണ്. ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിജയിച്ചവരാണ് സംസ്ഥാനതല കലോത്സവത്തില്‍ മാറ്റുരയ്ക്കുക.


14 ജില്ലാ ടീമുകളും ഒരു ഹെഡ്‌കോര്‍ട്ടേഴ്‌സ് ടീമും ഉള്‍പ്പെടെ 15 ടീമുകള്‍ തമ്മിലായിരിക്കും മല്‍സരം. 39 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 24ന് രാവിലെ ഒന്‍പത് മണി മുതല്‍ മല്‍സരങ്ങള്‍ ആരംഭിക്കും. അവസാന ദിവസമായ 26ന് വൈകീട്ട് 4.30 മുതല്‍ സമാപനസമ്മേളനവും സമ്മാനദാനവും പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സംസ്ഥാന റവന്യൂകലോല്‍സവത്തോടനുബന്ധിച്ച് ജൂണ്‍ 23ന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കും. അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫ. കെ സച്ചിദാനന്ദന്‍, ഡോ. ഖദീജ മുംതാസ്, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


മത്സര ഷെഡ്യൂള്‍:

ജൂണ്‍ 24 - തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയില്‍ ഭരതനാട്യം, നാടോടിനൃത്തം

ടൗണ്‍ ഹാളിലെ രണ്ടാം വേദിയില്‍ ലളിതഗാനം, നാടന്‍പാട്ട്, ഓട്ടന്‍തുള്ളല്‍ മത്സരങ്ങള്‍


ജൂണ്‍ 25 - പ്രധാന വേദിയില്‍ മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മൈം

ടൗണ്‍ ഹാളിലെ വേദി 2 ല്‍ മാപ്പിളപ്പാട്ട്, ഒപ്പന,

വേദി 3 റീജിയണല്‍ തീയേറ്ററില്‍ നാടകം

സിഎംഎസ് എച്ച് എസ് എസിലെ മിനി ഓഡിറ്റോറിയംവേദി 4 ല്‍ തബല, മൃദംഗം, ഗിറ്റാര്‍, വയലിന്‍ കര്‍ണാടിക്, വയലിന്‍ വെസ്റ്റേണ്‍ തുടങ്ങിയവ.

സിഎംഎസ് എച്ച് എസ് എസില്‍ തന്നെ ഒരുക്കിയിരിക്കുന്ന വേദി 5 ല്‍ രചനാമത്സരങ്ങള്‍, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍


ജൂണ്‍ 26 - വേദി 1 ല്‍ തിരുവാതിര, നാടോടിനൃത്തം

വേദി 2 ടൗണ്‍ ഹാളില്‍ കര്‍ണാടിക് മ്യുസിക്, ഹിന്ദുസ്ഥാനി മ്യൂസിക്

വേദി 3 റീജിയണല്‍ തീയേറ്ററില്‍ മിമിക്രി, മോണോആക്ട്

വേദി 4 സിഎംഎസ് എച്ച് എസ് എസ് മിനി ഓഡിറ്റോറിയത്തില്‍ കവിതാലാപനം, പ്രസംഗം.