ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ

post

ഹയര്‍ സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതല്‍ 30 വരെ പരീക്ഷ നടക്കും. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷയെഴുതാം.

2022 മാര്‍ച്ചില്‍ ആദ്യമായി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാന്‍ സാധിക്കാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2022 മാര്‍ച്ചില്‍ കമ്പാര്‍ട്ട്മെന്റല്‍ വിഭാഗത്തില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഡി+ ഗ്രേഡോ അതിനുമുകളിലോ നേടാന്‍ സാധിക്കാത്ത എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയ്ക്ക് അപക്ഷിക്കാം.

ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാര്‍ട്ട്മെന്റല്‍ വിദ്യാര്‍ഥികള്‍ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ യോഗ്യരല്ല. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാതൃസ്‌കൂളുകളില്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ട്രഷറിയില്‍ 27നകം ഫീസ് അടയ്ക്കണം. 600 രൂപ ഫൈനോടെ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഫൈനോടു കൂടിയ ഫീസ് ട്രഷറിയില്‍ 30നകം അടയ്ക്കണം. ഡിപ്പാര്‍ട്ട്മെന്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 30 വരെ നടത്താം. 150 രൂപയാണ് ഒരു വിഷയത്തിന് സേ പരീക്ഷാ ഫീസ്, ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 500 രൂപ. പ്രായോഗിക പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 25 രൂപ. സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപ. വിശദാംശങ്ങള്‍ www.dhsekerala.gov.in ല്‍ ലഭ്യമാണ്.