ശൈശവ വിവാഹം തടയാൻ ഏകദിന പരിശീലന പരിപാടിയുമായി വനിതാ ശിശു വികസന വകുപ്പ്

post


ശൈശവ വിവാഹ നിരോധന നിയമം- 2006; ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ശൈശവ വിവാഹ നിരോധന നിയമം- 2006 മായി ബന്ധപ്പെട്ട് നടത്തിയ ഏകദിന പരിശീലന പരിപാടി ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശൈശവ വിവാഹം തടയാൻ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രവർത്തകർ അവരുടെ പോഷകാഹാര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


ജില്ലയിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്കും, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നിയമവിരുദ്ധമായി ശൈശവ വിവാഹം നടക്കുകയും, റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്ന സാഹചര്യത്തിലാണ് ശൈശവ വിവാഹം കുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ, കുട്ടികളുടെ വ്യക്തിഗത അവകാശങ്ങളുടെ ലംഘനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരിശീലനം നടത്താൻ തീരുമാനമായത്.


ശൈശവ വിവാഹം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ശൈശവ വിവാഹം നടക്കാതിരിക്കുന്നതിനുള്ള വിവിധ ബോധവത്കരണ പരിപാടികളും വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നുണ്ട്. ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ, എം.ഇ.എസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം സീനിയർ റെസിഡന്റ് ഡോ. അയിഷ സബിൻ എന്നിവർ വിഷയാവതരണം നടത്തി.


വെള്ളിമാടുകുന്ന് ഗവ. ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ മുഖ്യപ്രഭാഷണം നടത്തി.