അറിയാം 'മന്ദഹാസ'ത്തെ; ചിരിക്കാം ആത്മവിശ്വാസത്തോടെ

post

മലപ്പുറം: ദന്തപ്രശ്നങ്ങള്‍ പ്രായമേറിയവരിലുണ്ടാക്കുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല. പല്ലുകളുടെ അഭാവം കാരണം ആഹാര സാധനങ്ങള്‍ ശരിയായി ചവച്ചരയ്ക്കാന്‍ കഴിയില്ല. ശരിയായ പോഷണാഗിരണത്തെയും ദഹനപ്രക്രിയയെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇയൊരു അവസ്ഥ പ്രായമായവരില്‍ ആത്മവിശ്വാസ കുറവിനും ഇടയാക്കും. ഇത്തരം സാഹചര്യങ്ങളില്‍ വയോധികര്‍ക്ക് കൈത്താങ്ങാകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ' മന്ദഹാസം' പദ്ധതി. പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി കൃത്രിമ പല്ല് ലഭ്യമാക്കും. കൃത്രിമ ദന്തങ്ങളുടെ പൂര്‍ണ്ണ സെറ്റാണ് ഈ പദ്ധതിയിലൂടെ വയോധികര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നത്.


ജില്ല സാമൂഹ്യ നീതി ഓഫീസ് മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ 'മന്ദഹാസ' ത്തിലൂടെ കൃത്രിമ പല്ലുകള്‍ നല്‍കുന്നത് ചട്ടിപറമ്പ് ദന്ത കോളജ് മുഖേനയാണ്. ഇതിനായി ഒരാള്‍ക്ക് പരമാവധി 5,000 രൂപ സര്‍ക്കാര്‍ നല്‍കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവര്‍, പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍, ഭാഗികമായി പല്ലുകള്‍ നഷ്ടപ്പെട്ട് അവശേഷിക്കുന്നവ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവര്‍ തുടങ്ങിയവരാണ് ആനുകൂല്യത്തിന് അര്‍ഹര്‍. സാമൂഹ്യ നീതി വകുപ്പിന്റെ http://swd.kerala.gov.in ല്‍ നിന്ന് അപേക്ഷാ ഫോറം ലഭിക്കും.ദന്ത ഡോക്ടറുടെ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ദാരിദ്ര രേഖക്ക് താഴെയാണെന്ന് തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ്/ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്), വയസ്സ് തെളിയിക്കുന്ന രേഖ (ആധാര്‍/ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് / സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്) എന്നിവ സഹിതം ജില്ല സാമൂഹ്യനീതി വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2735324.