കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കും

post

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കുമെന്നു കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സെക്രട്ടേറിയറ്റിലെ കൃഷി വകുപ്പില്‍ 6,292 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്. കൃഷി വകുപ്പ് ഡയറക്ടറേറ്റില്‍ 29,599, മണ്ണ് സംരക്ഷണ, മണ്ണ് പര്യവേഷണ വകുപ്പില്‍ 4,331, കാര്‍ഷിക സര്‍വകലാശാലയില്‍ 14,800 ഫയലുകള്‍ എന്നിങ്ങനെയാണു വകുപ്പിനു കീഴിലുള്ള മറ്റ് ഓഫിസുകളില്‍ തീര്‍പ്പാക്കാനുള്ളത്. അവധി ദിവസങ്ങളും അധിക പ്രവൃത്തിസമയവും വിനിയോഗിച്ചാകും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം പൂര്‍ത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാരണം ഫയലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ചില പ്രതിസന്ധികള്‍ നിലനിന്നിരുന്നു. ഇത്തരത്തില്‍ നടപടി വൈകിയ ഫയലുകള്‍ പൂര്‍ണമായും ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.