ഓണസദ്യക്ക് സ്വന്തമായി പച്ചക്കറി ഒരുക്കാം; ഇക്കൊല്ലവുമുണ്ട് 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതി

post


ഓണസദ്യയിലെ പച്ചക്കറിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റമായി. സ്വന്തം തോട്ടത്തിൽ പച്ചക്കറികൾ വിളയിച്ച് ഓണസദ്യ വിഭവസമൃദ്ധമാക്കുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' കാമ്പയിൻ ഈ വർഷവും കൃത്യതയോടെ തുടക്കമായി. ഓണ സീസൺ മുന്നിൽകണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത കൂടി ഉറപ്പുവരുത്തുന്നതിനാണ് സംസ്ഥാന കൃഷി വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.


70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഒരു ജനകീയ കാമ്പയിനാണ് 'ഓണത്തിനൊരു മുറം പച്ചക്കറി'. ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയും ഉറപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുഖ്യ പദ്ധതിയുടെ ഭാഗമായാണ് ഈ വർഷത്തെ കാമ്പയിൻ.  


50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം സംസ്ഥാന കൃഷിവകുപ്പ് വിതരണം ചെയ്യുന്നത്. ചീര, വെണ്ട, പയർ, പാവൽ, വഴുതന തുടങ്ങിയ 5 ഇനം വിത്തുകൾ അടങ്ങിയ പത്ത് രൂപ വില വരുന്ന പാക്കറ്റുകൾ കർഷകർക്കായി കൃഷിഭവൻ മുഖാന്തിരം വിതരണം ചെയ്യും. കർഷകർക്കും വിദ്യാർഥികൾക്കും വനിത ഗ്രൂപ്പുകൾക്കും സന്നദ്ധസംഘടനകൾക്കും സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ലഭ്യമാക്കും.  


കഴിഞ്ഞ വർഷം ഓണത്തിന് മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കാൻ കഴിഞ്ഞിരുന്നു. ഇത് വർധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകൾ, വിഎഫ്.പി.സി.കെ., കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.  


ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ വളരെ വിജയകരമായും മാതൃകാപരമായും നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് 'ഓണത്തിനൊരു മുറം പച്ചക്കറി'. കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുക എന്നതുതന്നെയാണ് പദ്ധതിയുടെ ലക്ഷ്യം.