ചെറുകിട യൂണിറ്റുകൾക്ക് മാർജിൻ മണി ഗ്രാന്റ്: 30 ശതമാനം ഗുണഭോക്താക്കൾ സ്ത്രീകൾ

post


സ്ത്രീകൾക്കായ്: 25


സംരംഭ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പിന് കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ചെറുകിട യൂണിറ്റുകൾ ആരംഭിക്കുന്നതിനാവശ്യമായ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഉത്പന്ന നിർമാണം, ഭക്ഷ്യസംസ്‌കരണം, സേവനമേഖലയിലെ ചെറു സംരംഭങ്ങൾ ഉൾപ്പെടെ ആകെ പ്രോജക്ട് ചെലവ് 10 ലക്ഷം രൂപ വരെയുള്ള യൂണിറ്റുകൾ ആരംഭിക്കുന്നവർക്ക് പദ്ധതിവഴി ധനസഹായം ലഭിക്കും.


എല്ലാ വിഭാഗത്തിലുള്ളവർക്കും മാർജിൻ മണി ലഭിക്കാൻ അപേക്ഷിക്കാമെങ്കിലും പദ്ധതിയുടെ 30 ശതമാനം ഗുണഭോക്താക്കളും സ്ത്രീകൾ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. കൂടാതെ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്നതിൽ മുൻഗണന വിഭാഗമെന്ന നിലയിൽ പദ്ധതിയുടെ 40 ശതമാനം അല്ലെങ്കിൽ നാല് ലക്ഷം രൂപ വരെ ലഭിക്കും. ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് പദ്ധതിയുടെ 30 ശതമാനം അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ വരെയാണ് ധനസഹായം ലഭിക്കുക. പ്രമോട്ടർമാരുടെ സംഭാവന കുറഞ്ഞത് 20 ശതമാനവുമായിരിക്കും.


വനിതകൾക്ക് പുറമേ വിമുക്തഭടന്മാർ, വികലാംഗർ, പട്ടിക വിഭാഗത്തിലുൾപ്പെടുന്നവർ എന്നിവർക്കും മാർജിൻ മണി ലഭിക്കുന്നതിൽ മുൻഗണന ലഭിക്കും. പദ്ധതിവഴി മാർജിൻ മണി ഗ്രാന്റ് ലഭിച്ചവർ ധനസഹായം ലഭിച്ചത് മുതൽ അടുത്ത മൂന്ന് വർഷം വരെ തുടർച്ചയായി പ്രവർത്തിക്കണം. മാർജിൻ മണി ഗ്രാന്റ് ലഭിക്കാൻ https://schemes.industry.kerala.gov.in വഴി അപേക്ഷിക്കാം.


#Sthreekalkkayi #marginmoneygrant #kerala