അവധിയില്ലാതെ തീവ്രയജ്ഞം; ഇതുവരെ തീര്‍പ്പാക്കിയത് 8028 ഫയലുകള്‍

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ഞായര്‍ ഇന്നലെ (ജൂലൈ 3) പ്രവര്‍ത്തിച്ചു.

റവന്യൂ വകുപ്പില്‍ മാത്രം ഇന്നലെ 546 ഫയലുകളിലാണ് നടപടിയായത്. കളക്ടറേറ്റ്154, ആര്‍.ഡി ഓഫീസ് 138, താലൂക്ക് ഓഫീസുകള്‍147, വില്ലേജ് ഓഫീസുകള്‍75, സബ് ഓഫീസുകള്‍32 എന്നിങ്ങനെയാണ് റവന്യൂ വകുപ്പില്‍ ഇന്നലെ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം. മറ്റു വകുപ്പുകളുടെ ജില്ലാതലം മുതലുള്ള ഓഫീസുകളും തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസുകളും രാവിലെ മുതല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.

പരിപാടി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നലെ വരെ ജില്ലയില്‍ എല്ലാ വകുപ്പുകളിലുമായി 8028 ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു.

കോവിഡ് പ്രതിസന്ധിമൂലം തുടര്‍നടപടികള്‍ വൈകിയ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച തീവ്രയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നടപടികള്‍ ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു.