ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍ക്ക് ജൂലൈ 5 ന് തുടക്കം

post

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആസ്ഥാന ശിലാസ്ഥാപനം  ജൂലൈ 5 ന്

ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആസ്ഥാനമന്ദിരം ഉന്നതവിദ്യാഭവന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചൊവ്വാഴ്ച (ജൂലൈ 5) വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാംപസിലാണ് പരിപാടി. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍.ബിന്ദു അധ്യക്ഷത വഹിക്കും.

ഇജേര്‍ണല്‍ കണ്‍സോര്‍ഷ്യം, ബ്രെയിന്‍ ഗെയിന്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അക്രഡിറ്റഡ് കോളേജുകള്‍ക്കുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്റര്‍ (SAAC) സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിക്കുക.

ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസില്‍ നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഉന്നതവിദ്യാഭവന്‍ നിര്‍മിക്കുന്നത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ് സിസ്റ്റം (IGBC) മാനദണ്ഡങ്ങളനുസരിച്ചുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ വി കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍: വിശദാംശങ്ങള്‍;


ഇജേര്‍ണല്‍ കണ്‍സോര്‍ഷ്യം (20 കോടി രൂപ)

സര്‍വകലാശാലകള്‍ക്ക് യു.ജി.സി സൗജന്യമായി നല്‍കിവന്നിരുന്ന ഈജേര്‍ണല്‍ പദ്ധതി (UGC INFLIBNET) നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനത്തിനും മറ്റും അനിവാര്യമായ ഇജേണല്‍ വിഭവങ്ങള്‍ ലഭ്യമാക്കാനാണ് സംസ്ഥാനതല ഇജേണല്‍ കണ്‍സോര്‍ഷ്യം (State Level EJournal Consortium). പ്രമുഖ പ്രസാധകരായ എല്‍സെവിയര്‍, Knimbus എന്നിവരുമായി കരാര്‍ ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എല്‍സെവിയര്‍ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളായ സയന്‍സ് ഡയറക്ടും സ്‌കോപ്പസും ഇതില്‍ ഉള്‍പ്പെടും.


ബ്രെയിന്‍ ഗെയിന്‍ (5 കോടി)

കേരളത്തിനു പുറത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ പ്രഗത്ഭ വ്യക്തികളുടെ വിജ്ഞാന സമ്പത്ത് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഇതു സംബന്ധിച്ച വിവരശേഖരണം നടത്തിക്കഴിഞ്ഞു. Building Up Database of the Keralite Academic Diaspora around the Globe എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക, ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് ഏറെ സഹായകമാകും. ആദ്യ ഘട്ടത്തില്‍ എം.ജി, KVASU, തോന്നക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഈ പദ്ധതിയില ഭാഗഭാക്കാവുക. ഈ പദ്ധതികളുടെ ഭാഗമായി എത്തുന്ന വിദഗ്ദ്ധരുടെ മുഴുവന്‍ ചെലവും കൗണ്‍സില്‍ വഹിക്കും.


സ്റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ (SAAC) (1 കോടി)

സംസ്ഥാനത്തെ സര്‍വകലാശാലകളെയും കോളജുകളെയും ഔപചാരികമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കീഴില്‍ ആരംഭിച്ചതാണ് അസ്സസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്റര്‍. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളും സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളും സ്വയംഭരണ കോളേജുകളും സ്വാശ്രയ കോളേജുകളും SAAC അവലോകനപരിധിയില്‍ വരും.


NAACÂ വിഭാവനം ചെയ്തിട്ടുളളവക്കു പുറമെ Social Inclusiveness, Equtiy and Excellence, Scientific Temper and Secular Outlook എന്നീ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി SAAC വിലയിരുത്തലിന് മാനകങ്ങളായി സ്വീകരിച്ചിട്ടുണ്ട്.


ഡിജികോള്‍ (DIGICOL) (20 കോടി)

കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ഡിജിറ്റല്‍ സര്‍വകലാശാലയും സംയുക്തമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യയനം, പഠനം, വിലയിരുത്തല്‍, പരീക്ഷ ഇവയെല്ലാം പൊതുവായ മൂഡില്‍ (Moodle) ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ കൊണ്ടുവരികയാണ് ഡിജിറ്റല്‍ എനേബിള്‍മെന്റ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


LMS നടപ്പിലാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനതലത്തില്‍ ഓരോ വിദ്യാഭ്യാസസ്ഥാപന തലത്തിലും ആവശ്യമായ ഓണ്‍ലൈന്‍ പഠനസംവിധാനം ഒരുങ്ങും.


കേരള അക്കാദമിക് ലൈബ്രറി നെറ്റ് വര്‍ക്ക് (കാല്‍നെറ്റ്) (10 കോടി)

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 11 സര്‍വകലാശാലാ ലൈബ്രറികളിലെ 15 ലക്ഷത്തോളം പുസ്തകങ്ങളും തീസിസുകളും കൂട്ടിയിണക്കിയ സംസ്ഥാനതല സംവിധാനമാണ് കേരള അക്കാദമിക് ലൈബ്രറി നെറ്റ് വര്‍ക്ക് (Kerala Academic Library Network KALNET). വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണിത്. സംസ്ഥാനത്തെ കോളജ്തല ലൈബ്രറികളേയും ഈ ശൃംഖലയില്‍ പങ്കാളികളാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി സര്‍വകലാശാലാ ലൈബ്രറികളിലെ അപൂര്‍വ്വ ശേഖരണവും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ആരംഭിക്കും.


ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് (15.05 കോടി)

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍, പത്തോളം വിശാല വിജ്ഞാന മേഖലകളിലായി 77 ഫെലോഷിപ്പുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് 500 ഫെലോഷിപ്പുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ആദ്യവര്‍ഷം പ്രതിമാസം 50,000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം ഒരു ലക്ഷം രൂപയുമാണ് ഫെലോഷിപ്പ് തുക.


കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (KIRF) (1 കോടി)

NIRF മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍, അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യാനാണ് കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (Kerala Institutional Ranking Framework) (KIRF). ഇത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടന്നുവരുന്ന വിദ്യാര്‍ഥികളെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുവാന്‍ സഹായിക്കും. മാത്രമല്ല നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും ഇത് സജ്ജരാക്കും.


അദ്ധ്യാപകപരിശീലന പദ്ധതി (8 കോടി)

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ചത്. Humanities & Social Science, Science, Commerce, Technology and Management എന്നീ സ്ട്രീമുകളില്‍ അധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്ന ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്:

മേന്‍മ, ഗവേഷണപരത, ബോധന വൈദഗ്ദ്ധ്യം എന്നിവയില്‍ ഊന്നിയുള്ള പരിശീലന പരിപാടികളിലൂടെ അദ്ധ്യാപകരുടെ പ്രാപ്തി വര്‍ധിപ്പിക്കുക.

അക്കാദമിക മേന്‍മ, ഗവേഷണപരത, ബോധന വൈദഗ്ദ്ധ്യം എന്നിവയില്‍ ഊന്നിയുള്ള പരിശീലന പരിപാടികളിലൂടെ അദ്ധ്യാപകരുടെ പ്രാപ്തി വര്‍ദ്ധിപ്പിക്കുക.


പുതുതായി അദ്ധ്യാപകവൃത്തിയില്‍ എത്തുന്നവര്‍ക്ക് പ്രാരംഭഘട്ടത്തില്‍ തന്നെ പരിശീലനവും ദിശാബോധവും നല്‍കുക.

നൂതന ബോധന സങ്കേതങ്ങളുടേയും ഉപകരണങ്ങളുടേയും ഉപയോഗത്തില്‍ നൈപുണ്യം നേടാന്‍ അദ്ധ്യാപകരെ സഹായിക്കുക.

അന്താരാഷ്ട്ര സ്വഭാവമുള്ള പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കുക തുടങ്ങിയവ.

201920 മുതല്‍ 3500 ല്‍പരം അദ്ധ്യാപകര്‍ക്ക് നാളിതുവരെ പരിശീലനം നല്‍കിക്കഴിഞ്ഞു.


ഓണ്‍ലൈന്‍ ഡിജിറ്റല്‍ ശേഖരം (1 കോടി)

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിവിധ വിഷയങ്ങളിലുള്ള യു.ജി/പി.ജി പ്രോഗ്രാമുകളുടെ പഠനസാമഗ്രികള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വെബ്‌പോര്‍ട്ടലില്‍ ''ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍സ്'' എന്ന ശീര്‍ഷകത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അദ്ധ്യാപകര്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതായ ഈ സംഭരണിയില്‍ ഇതിനോടകം 130ല്‍പ്പരം അദ്ധ്യാപകര്‍ തയ്യാറാക്കിയ വിവിധ യു.ജി./പി.ജി പ്രോഗ്രാമുകളുടെ 2000 ലധികം pdf, word, audio, video, ppt, econtent ഉള്ളടക്കങ്ങള്‍ ലഭ്യമാണ്. ഇവയില്‍ ഒട്ടുമിക്ക econtent കളും You Tube ചാനലിലേക്കും കണക്ട് ചെയ്തിട്ടുണ്ട്.


എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റെസിഡന്‍സ് പ്രോഗ്രാം (5 കോടി)

സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക് സമൂഹത്തിന് നൊബേല്‍ ജേതാക്കളടക്കമുള്ള അക്കാദമിക് വിദഗ്ധരുമായി ആശയവിനിമയം നടത്താനും അതിലൂടെ അക്കാദമിക് നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും വേണ്ടിക്കുടി വിഭാവനം ചെയ്തതാണ് എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റസിഡന്‍സ് പദ്ധതി. ഇത്തരത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച എറുഡൈറ്റ് സ്‌കോളര്‍മാരുമായി ചേര്‍ന്ന് നിരവധി അക്കാദമിക പ്രൊജക്ടുകളും പ്രബന്ധങ്ങളും സംസ്ഥാനത്തെ സര്‍വകലാശാല/ കോളേജ് അദ്ധ്യാപകരും ഗവേഷകരും തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ നിരവധി അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദേശ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും/സഹകരിക്കാനും അവസരം ഇതുവഴി നല്‍കുന്നു.


കോളേജുകളുടെ ക്ലസ്റ്റര്‍ പദ്ധതി (10 കോടി) (കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്റര്‍)

ഒരേ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രത്യേകിച്ചും കോളേജുകള്‍, മാനുഷികവും ഭൗതികവുമായ വിഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും അതുവഴി ഈ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്ത്, ഉന്നതവിദ്യാഭ്യാസരംഗത്ത് മേന്‍മ കൈവരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് യുജിസി നിര്‍ദ്ദേശാനുസരണമുള്ള ക്ലസ്റ്റര്‍ ഓഫ് കോളേജസ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം, എര്‍ണാകുളം, കോഴിക്കോട് എന്നീ ക്ലസ്റ്ററുകള്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ ഇതിനകം .ആരംഭിച്ചു. പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്.


ഉന്നതവിദ്യാഭ്യാസ സര്‍വേ (20 ലക്ഷം)

ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വിവരശേഖരണം ലക്ഷ്യമിട്ട്, സംസ്ഥാനത്ത് ആദ്യമായി കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു. ഓള്‍ ഇന്ത്യാ ഹയര്‍ എഡ്യൂക്കേഷന്‍ സര്‍വേയുടെ മാത്യകയില്‍, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് കൗണ്‍സിലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ State specific ആയ വിവരങ്ങളും സര്‍വ്വേ സമാഹരിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, സ്വാശ്രയ കോളേജുകളും സര്‍വകലാശാലകളും സര്‍വേയുടെ പരിധിയില്‍ വരും. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള സര്‍വേ പോര്‍ട്ടല്‍ വഴിയാണ് സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഇതു സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. നയരൂപീകരണത്തിനും ആസൂത്രണത്തിനും ഇത് പ്രയോജനകരമാണ്.