കേര കൃഷിക്ക് കൈത്താങ്ങായി ഡ്രോണുകള്‍

post

തൃശൂര്‍: കേര കൃഷിയില്‍ കര്‍ഷകരെ സഹായിക്കാന്‍ ഇനി ഡ്രോണുകളും. കേര കൃഷിയില്‍ ഡ്രോണുകളുടെ സഹായത്തോടെയുള്ള നൂതന കൃഷി രീതിക്ക് തുടക്കം കുറിച്ചിരിക്കുത് കേരള കാര്‍ഷിക സര്‍വകലാശാലയാണ്. റോബോട്ടിക്‌സും ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ചു കേര കൃഷിയിലെ വിവിധ ഘട്ടങ്ങളില്‍ അതിന്റെ കൃത്യമായ മേല്‍നോട്ടം, രോഗ നിര്‍ണയം, സസ്യാരോഗ്യ സംരക്ഷണം, വിളവെടുപ്പ് എന്നിവ ഡ്രോണുകളുടെ സഹായത്തോടെ ആയാസ രഹിതമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് സര്‍വകലാശാല വിദഗ്ധസംഘം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പടക്കാട് കാര്‍ഷിക കോളേജ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന നാളികേരാധിഷ്ഠിത വിജ്ഞാന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായാണ് കേര കൃഷിയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉള്ള പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുത്. ഉയര്‍ ക്ഷമതയോടും കൃത്യതയോടും കൂടിയുള്ള നാളികേര കൃഷി പരിപാലനം ഇത്തരം സാങ്കേതികവിദ്യ വഴി സാധ്യമാകുന്നു. നാളികേര മേഖലയില്‍ ഉന്നത ഗവേഷണവും മൂല്യ വര്‍ധനവും ലക്ഷ്യം വെക്കുന്ന പദ്ധതിയുടെ ഭാഗമായി വിളപരിപാലന ശുപാര്‍ശകളുടെ സംക്ഷിപ്തം തയ്യാറാക്കല്‍, നൂതന സാങ്കേതിക വിദ്യ ഉപയോഗപെടുത്തിയുള്ള വിള പരിപാലനം എന്നിവക്ക് പുറമെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി പരിശീലന പരിപാടികളും നടത്തുന്നു. കാര്‍ഷിക എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും കോ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ആയ ഡോ കെ പി സുധീറിന്റെ നേതൃത്വത്തില്‍ ആണ് സര്‍വകലാശാലയുടെ കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ പദ്ധതി പ്രവര്‍ത്തനം പുരോഗമിക്കുന്നത്.