പുതുപാതകള്‍ തുറന്ന് പുതുവേഗം നല്‍കി കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റ്

post

അപകടം മൂലമോ ജന്മനാലോ നേരിട്ട ശാരീരിക വൈകല്യങ്ങള്‍ കൊണ്ട് ജീവിതത്തോട് പൊരുതുന്നവര്‍ക്ക് മുന്നില്‍ അതിജീവനത്തിന്റെ വഴി തുറന്ന് കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റ്. വിപണിയില്‍ ഒരു ലക്ഷത്തിലധിരം രൂപ വിലയുള്ള ആധുനിക കാലുകള്‍ സൗജന്യമായി നല്‍കുന്ന ഈ യൂനിറ്റ് ഇതുവരെ ആയിരത്തിലധികം പേര്‍ക്കാണ് ആശ്വാസമേകിയത്.

1993ലാണ് ജില്ലാ ആശുപത്രിയില്‍ കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. വര്‍ഷങ്ങളോളം പരമ്പരാഗത രീതിയിലുള്ള കാലുകള്‍ നിര്‍മ്മിച്ച് നല്‍കി. ഇവ സുഗമമായ ചലനത്തിന് പലപ്പോഴും തടസ്സമായിരുന്നു. ഇതോടെ ജൂണ്‍ മാസത്തില്‍ മോഡുലാര്‍ പ്രൊസ്തസിസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക രീതിയില്‍ കൃത്രിമ അവയവ നിര്‍മ്മാണം തുടങ്ങി. ഇവ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മറ്റുള്ളവര്‍ക്കും നിലവില്‍ സൗജന്യമാണ്.

രോഗിക്ക് പരിശീലനം നല്‍കുന്നതിലൂടെ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതാണ് ആധുനിക നിര്‍മ്മാണ രീതിയുടെ പ്രത്യേകത. സുഗമമായി ചലിപ്പിക്കാനും സാധിക്കും. വ്യക്തിയുടെ കൃത്യമായ അളവെടുത്ത് അലൂമിനിയം, ഫൈബര്‍ എന്നിവ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഏഴ് ദിവസത്തെ പരിശീലനം കഴിഞ്ഞാല്‍ പ്രയാസമില്ലാതെ നടക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കണ്ണൂരില്‍ മാത്രമാണ് ഇത്തരമൊരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

നട്ടെല്ലിന് ബലക്കുറവ് ഉള്ളവര്‍ക്കുള്ള സ്‌പെനല്‍ ജാക്കറ്റ്, നടുവിന് വളവുള്ളവര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍, കാല്‍ പാദത്തിന് വളവ് ഉള്ളവര്‍ക്കുള്ള ചെരുപ്പുകള്‍, കഴുത്തിനുള്ള കോളറുകള്‍, മൈക്രോ സെല്ലുലാര്‍ റബ്ബറുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ചെരുപ്പുകള്‍, കൃത്രിമ കൈകള്‍ എന്നിവയും ഇവിടെയുണ്ട്.

ആവശ്യക്കാര്‍ ജില്ലാ ആശുപത്രിയിലെ യൂണിറ്റില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് മോഡലുകള്‍ നിര്‍മ്മിച്ച് ഘടിപ്പിച്ച് പരിശോധിക്കും. ആധുനിക കാലുകള്‍ക്ക് ആവശ്യക്കാര്‍ എത്തിയാല്‍ രണ്ടാഴ്ചയ്ക്കകം നല്‍കും. കൃത്രിമ അവയവ നിര്‍മ്മാണ യൂനിറ്റ് മേധാവി ഡോ. മായ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒന്‍പത് ജീവനക്കാരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്.