സമ്പൂര്‍ണ റീസൈക്ലിങ് പ്ലാന്റ്; ജില്ലയില്‍ പ്രാരംഭ നടപടി തുടങ്ങി

post

കണ്ണൂര്‍: ശേഖരിച്ച മാലിന്യങ്ങള്‍ ജില്ലയില്‍ തന്നെ റീസൈക്ലിങ് ചെയ്യാന്‍ സമ്പൂര്‍ണ റീസൈക്ലിങ് പ്ലാന്റ് നിര്‍മിക്കുന്നു. ക്ലീന്‍ കേരള കമ്പനി ജില്ലാ പഞ്ചായത്തുമായി കൈകോര്‍ത്താണ് റീസൈക്ലിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടി തുടങ്ങിയത്. ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയരക്ടര്‍ ജി കെ സുരേഷ് കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തി.

നിലവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും കമ്പനി വളപട്ടണത്തെ ഗോഡൗണില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇവിടെ നിന്നും ജില്ലക്ക് പുറത്തേക്ക് കയറ്റിയയക്കും. റീസൈക്ലിങ് യൂണിറ്റ് ആരംഭിച്ചാല്‍ മാലിന്യങ്ങള്‍ ജില്ലയില്‍ തന്നെ റീസൈക്ലിങ് ചെയ്യാനാകും. രണ്ടേക്കര്‍ സ്ഥലത്ത് പ്ലാന്റ് നിര്‍മിക്കാനാണ് ആലോചന.

ഇതിന് ആവശ്യമായ സ്ഥലം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തും. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്നു ക്ലീന്‍ കേരള 1235.4 ടണ്‍ മാലിന്യം നീക്കിയിരുന്നു. പുനചക്രമണ യോഗ്യമല്ലാത്ത 6,59,440 കിലോഗ്രാം മാലിന്യവും പുന:ചക്രമണ യോഗ്യമായ 4,28,935 കിലോഗ്രാം മാലിന്യവും 1,47,070 കിലോഗ്രാം ചില്ലുമാണ് ശേഖരിച്ച് സംസ്‌കരണത്തിനായി അയച്ചത്. പുന:ചക്രമണ പ്ലാസ്റ്റിക് ഏറ്റവും കൂടുതല്‍ ശേഖരിക്കുന്ന ജില്ല കണ്ണൂരാണ്.

റീസൈക്ലിങ് പ്ലാന്റ് യാഥാര്‍ഥ്യാമായാല്‍ ഹരിതകര്‍മസേനക്ക് കൂടുതല്‍ തുക നല്‍കാന്‍ ക്ലീന്‍ കേരളക്ക് കഴിയും. നിലവില്‍ ജില്ലയിലെ 66 പഞ്ചായത്തുകളും രണ്ടു നഗരസഭകളും ക്ലീന്‍ കേരളക്കാണ് മാലിന്യം കൈമാറുന്നത്.