കാര്‍ഷിക ഉല്പന്നങ്ങള്‍ സമയബന്ധിതമായി കയറ്റുമതി ചെയ്ത് അധിക വരുമാനം നേടണം

post

കാര്‍ഷിക ഉല്പന്നങ്ങള്‍ സമയബന്ധിതമായി കയറ്റുമതി ചെയ്ത് അധിക വരുമാനം നേടുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്ദലജെ പറഞ്ഞു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ശിലപ്ശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പി.എം. കിസാന്‍ സമ്മാന്‍നിധി, ആര്‍.കെ.വി.വൈ, പി.എം. ഫസല്‍ ബീമാ യോജന, സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറില്‍ മെക്കനൈസേഷന്‍ തുടങ്ങിയ പദ്ധതികള്‍ കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും കാര്യക്ഷമമായ രീതിയില്‍ പ്രയോജനപ്പെടുത്തണം. ഉല്‍പ്പാദന വര്‍ദ്ധനവിലൂടെയും സുസ്ഥിരമായ വിപണന സംവിധാനങ്ങള്‍ മുഖേനയും ഭക്ഷ്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനൊപ്പം മൂല്യവര്‍ദ്ധനവിലെ നൂതന സാധ്യകള്‍ കര്‍ഷകര്‍ കണ്ടെത്തണം.

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്കയുടെയും, റമ്പൂട്ടാന്‍പോലയുള്ള ഫലങ്ങളുടെയും കയറ്റുമതിക്കുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രവും, വിവിധ ലാബുകളും, പ്രദര്‍ശന യൂണിറ്റുകളും മന്ത്രി സന്ദര്‍ശിച്ചു.

കാര്‍ഡ് ഡയറക്ടര്‍ റവ. മോന്‍സി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.