അത്യാധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളുമായി ഇടുക്കി അഗ്നി രക്ഷാ നിലയം

post


ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലും ഫയർ ഹൈഡ്രെന്റുകൾ സ്ഥാപിച്ച് നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി അഗ്നി രക്ഷാ നിലയത്തിലേക്കു അനുവദിച്ച മൊബൈൽ ടാങ്ക് യൂണിറ്റ്, ഇൻസിഡന്റ് കമാൻഡ് വെഹിക്കിൾ എന്നിവയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


നിലവിൽ ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ മാത്രമാണ് ഹൈഡ്രന്റ് സംവിധാനം ഉള്ളത്. തീ അണയ്ക്കാൻ ആവശ്യമായ ജലം സംഭരിക്കുന്നതിനുള്ള മാർഗ്ഗമാണു ഹൈഡ്രന്റ്. സേനാംഗങ്ങളുടെ ആവശ്യപ്രകാരമാണ് ഹൈഡ്രന്റുകൾ സ്ഥാപിച്ചു നൽകുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞത്.


ഇൻസിഡന്റ് കമാൻഡന്റ് ആയ ജില്ലാ ഫയർ ഓഫീസർക്ക് ഔദ്യോഗിക കൃത്യ നിർവഹണത്തിനു വേണ്ടി യാത്ര ചെയ്യാൻ അനുവദിച്ച മഹിന്ദ്ര സ്കോർപിയോ വാഹനവും കൂടാതെ ദുരന്ത സ്ഥലങ്ങളിൽ കാര്യക്ഷമമായ രക്ഷപ്രവർത്തനത്തിനു ഉപയോഗിക്കാൻ വേണ്ടിയുള്ള മൊബൈൽ ടാങ്ക് യൂണിറ്റ് എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രണ്ടു വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.


അപകടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി തെരച്ചിലിന് സഹായിക്കുന്ന 2500 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഡ്രോൺ, ദുരന്ത സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ തമ്മിൽ ആശയ വിനിമയം നടത്താൻ വയർലെസ് സംവിധാനത്തിനു വേണ്ടിയുള്ള ബേസ് സ്റ്റേഷൻ, ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ലാപ്ടോപ് എന്നിവയാണ് ഇൻസിഡന്റ് കമാൻഡ് വെഹിക്കിളിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ.15 ലക്ഷം രൂപ വില വരുന്നതാണ് ഇൻസിഡന്റ് കമാൻഡ് വെഹിക്കിൾ.


50 ലക്ഷം രൂപ മുതൽ മുടക്ക് വരുന്നതാണ് മൊബൈൽ ടാങ്ക് യൂണിറ്റ്. വലിയ അളവിൽ ഏറ്റവും ഉയരത്തിൽ ജലം കൂടുതൽ ശക്തിയായി പമ്പ് ചെയ്യാൻ സാധിക്കുന്ന ഫിക്സഡ് മോണിറ്റർ സംവിധാനവും, ഒരേ സമയത്ത് 5000 ലിറ്റർ വെള്ളം സംഭരിക്കാനും ഒരു മിനുട്ടിൽ 3000 ലിറ്റർ വെള്ളം നാലു ഡെലിവറി ഹോസ് വഴി പുറം തള്ളാനും ശേഷിയുള്ള ഓട്ടോമാറ്റിക് പമ്പിങ് സംവിധാനത്തോട് കൂടിയ വാഹനമാണ് മൊബൈൽ ടാങ്ക് യൂണിറ്റ്. മുഖ്യമന്ത്രിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് സംസ്ഥാനത്തിനു അനുവദിച്ച 70 കോടി രൂപയിൽ നിന്നും തുക വകയിരുത്തിയാണ് വാഹനങ്ങൾ വാങ്ങിയത്.