നാലു വര്‍ഷത്തിനുള്ളില്‍ 3000 റോഡുകളും 514 പാലങ്ങളും പുനര്‍നിര്‍മിച്ചു: മന്ത്രി ജി സുധാകരന്‍

post

ആലപ്പുഴ : ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി നാല് വര്‍ഷം ആകുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് വഴി സംസ്ഥാനത്തു 3000 റോഡുകളും 514 പാലങ്ങളും 4000 സര്‍ക്കാര്‍ കെട്ടിടങ്ങളും പുനര്‍ നിര്‍മിക്കുകയും പുതുതായി നിര്‍മിക്കുകയും ചെയ്തതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ കിഫ്ബിയുടെ ആദ്യ സംരംഭമായ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയുടെ ആദ്യ ഘട്ടമായ അമ്പലപ്പുഴ പൊടിയാടി റോഡിന്റെ ഉദ്ഘടനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാലങ്ങളുടെ നിര്‍മാണത്തില്‍ വന്‍ നേട്ടമാണ് സംസ്ഥാനത്തിനുള്ളത്. ജില്ലയില്‍ 72 പാലങ്ങളാണ് നിര്‍മാണത്തിലുള്ളത്  20 പാലങ്ങള്‍  കുട്ടനാട്ടിലാണ്.വികസനങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങളും വര്‍ധിക്കുന്നു. ഇതിലൂടെ ഭൂമിയുടെ വില കൂടുകയും സര്‍ക്കാരിന്റെ സമ്പാദ്യം കൂടുകയും ചെയ്യുന്നു. രണ്ടാംഘട്ടമെന്ന നിലയില്‍ 82 കോടി രൂപ മുടക്കില്‍  പൊടിയാടി മുതല്‍ തിരുവല്ല വരെയുള്ള ദേശീയ പാത പണികള്‍ ആരംഭിക്കാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.