റോഡ് കുഴിക്കാന്‍ ലഭിച്ചത് 28,387 അപേക്ഷകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്

post

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏകോപനത്തിനായി കേരള സംസ്ഥാന ഐ.റ്റി മിഷന്‍ വികസിപ്പിച്ചെടുത്ത സുഗമ പോര്‍ട്ടലില്‍ (https://rowservices.keralagov.in/) റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകള്‍. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് തിരുവനന്തപുരത്താണ്, 5485 എണ്ണം. കുറവ് വയനാട് ജില്ലയിലും, 327 എണ്ണം. 4355 അപേക്ഷകളിലാണ് റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയത്. ഏകോപനമില്ലാതെ റോഡുകള്‍ തോന്നിയപടി കുഴിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ല്‍ Row എന്ന പോര്‍ട്ടല്‍ ആരംഭിച്ചത്. പിന്നീടതിന് സുഗമ എന്ന പേര് നല്‍കുകയായിരുന്നു.


കേരള വാട്ടര്‍ അതോറിറ്റിയാണ് പോര്‍ട്ടലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. 25379 അപേക്ഷകളാണ് പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയ്ക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചത്. ഇതില്‍ 3197 അപേക്ഷകള്‍ക്ക് അനുവാദം നല്‍കി. മറ്റു ഏജന്‍സികളുടെ കീഴില്‍ റോഡിന്റെ അറ്റകുറ്റപ്പണികളോ റോഡില്‍ കുഴിയെടുക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ സുരക്ഷാക്രമീകരണങ്ങളുടെയും റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്യേണ്ട ചുമതല നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സിക്കാണ്. റോഡ് കുഴിക്കുന്നതിനു പുറമെ റോഡില്‍ മറ്റെന്തെങ്കിലും പണി നടത്തുന്നതിനും ഇതിലൂടെ അനുമതി വാങ്ങണം.


മുന്‍കാലങ്ങളില്‍ റോഡ് കുഴിക്കാന്‍ അനുമതിക്കായി ചുമതലയുള്ള ഏജന്‍സിയുടെ ഒന്നിലധികം ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടിയിരുന്നു. കൂടാതെ യാതൊരു അനുമതിയില്ലാതെയും ചിലര്‍ റോഡുകള്‍ കുഴിച്ചിരുന്നു. ഈ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളും വിവിധ ഏജന്‍സികളും പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. മറ്റു വ്യക്തികള്‍ക്കും വകുപ്പുകള്‍ക്കും സംഘടനകള്‍ക്കും റോഡ് ഏതെങ്കിലും ആവശ്യത്തിനായി കുഴിക്കേണ്ടി വന്നാല്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കണം. പണിക്കു ശേഷം റോഡ് പുനസ്ഥാപന തുക ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്യാം. റോഡ് സ്‌കെച്ച്, റോഡ് കട്ടിങ്ങിന്റെ ജി.ഐ.എസ് ഭൂപടം തുടങ്ങിയ രേഖകള്‍ ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കാനും സാധിക്കും. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പ്, വാട്ടര്‍ അതോറിട്ടി എന്നീ ഏജന്‍സികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തികളുടെ സമയക്രമവും പോര്‍ട്ടലില്‍ ലഭ്യമാകും.


വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സുഗമ പോര്‍ട്ടലിനു പുറമെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന കോണ്‍സ്റ്റിറ്റ്വന്‍സി മോണിറ്ററിംഗ് ടീം, 500 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും അവയുടെ നാഴികക്കല്ലുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രൊജക്റ്റ് മോണിറ്ററിങ്ങിനുമായുള്ള പി.എം.ജി പോര്‍ട്ടല്‍, ജില്ലാ തലത്തില്‍ പൊതുമരാമത്തു പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനായി ഡിസ്ട്രിക്ട് ഇന്‍ഫറാസ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (ഡി.ഐ.സി.സി) എന്നിവയുമുണ്ട്.