തൊഴില്‍രഹിതരെ ഇല്ലാതാക്കുക ലക്ഷ്യമിട്ട് എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി

post

എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേരള നോളേജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല. കേരള നോളേജ് ഇക്കോണമി മിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ടപരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അറിവിനെ മൂലധനമാക്കിയാണ് സമ്പദ്ഘടന മുന്നോട്ട് പോകുന്നത്. അറിവ് ജനകീയമാക്കി വികേന്ദ്രീകരണത്തിലൂടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും. വിജ്ഞാനത്തോടൊപ്പം നൈപുണ്യതയ്ക്ക് പ്രാധാന്യം നല്‍കി അഭ്യസ്ഥവിദ്യരായ തൊഴില്‍ അന്വേഷരെ സര്‍ക്കാര്‍ തന്നെ കണ്ടെത്തുകയാണെന്നും മിഷന്‍ ഡയറക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള അവസരം വിപുലമാക്കും. തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ സ്‌കില്‍ കണ്ടെത്തി സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കുമെന്നും മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തൊഴില്‍ അന്വേഷകരില്‍ 21 നും 40 നും ഇടയില്‍ പ്രായമുള്ള ഐ.ടി.ഐ, ബിരുദം, ഡിപ്ലോമ തുടങ്ങിയ അടിസ്ഥാന യോഗ്യതയുള്ളവരെ ഡി.ഡബ്ല്യൂ.എം.എസ്(ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യും. 2026 നകം സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ 20 ലക്ഷം പേര്‍ക്ക് വിജ്ഞാന മേഖലയില്‍ തൊഴില്‍ നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പരിപാടിയില്‍ കെ.കെ.ഇ.എം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. കെ മധുസൂദനന്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം ഉദ്ദേശലക്ഷ്യങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. കെ.കെ.ഇ.എം പ്രോഗ്രാം മാനേജര്‍മാരായ സിബി അക്ബര്‍ അലി, പി.അനീഷ് എന്നിവര്‍ 'എന്റെ തൊഴില്‍ എന്റെ അഭിമാനം പ്രവര്‍ത്തനങ്ങള്‍ ഇതുവരെ', 'സി.ഡബ്ല്യൂ.എം.എസ് കണക്ട് മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേന എങ്ങനെ രജിസ്റ്റര്‍ ചെയ്യാം' എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക് കമ്യൂണിറ്റി കൗണ്‍സിലേഴ്സ്, ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍, എം.ഇ.സിമാര്‍, പഞ്ചായത്ത് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍മാരായ 140 അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രിയങ്ക എന്നിവര്‍ സംസാരിച്ചു.