റവന്യൂ സാക്ഷരത ആര്‍ജ്ജിക്കാന്‍ ഇടുക്കി; പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

post


എല്ലാവരേയും റവന്യു സാക്ഷരത ഉള്ളവരാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. റവന്യു ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും പേപ്പര്‍ലെസ് സംവിധാനത്തിലേക്ക് പൂര്‍ണ്ണമായി മാറി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇനങ്ങളെ റവന്യു സാക്ഷരരാക്കുകയെന്ന വലിയ മാറ്റത്തിലേക്ക് ജില്ല ചുവടുവച്ചിട്ടുള്ളത്. മുതിര്‍ന്ന പൗരനും വാഴത്തോപ്പ് സ്വദേശിയുമായ ഡി ഔസേപ്പിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് വീട്ടിലെത്തി റവന്യു സാക്ഷരത സംബന്ധിച്ച വിവരങ്ങളില്‍ അവബോധം നല്‍കുകയും ഓണ്‍ലൈനായി കരമടപ്പിക്കുകയും ചെയ്ത് റവന്യൂ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.


കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഫലപ്രദമായി വിനിയോഗിച്ച് താഴേതലം മുതല്‍ റവന്യു സാക്ഷരതയുടെ അവബോധം വ്യാപിപ്പിക്കുന്നതിനായുള്ള ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. റവന്യൂ സാക്ഷരത കൈവരിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ ആശ്രയമില്ലാതെ പോക്കുവരവ്, ടാക്‌സ്, തരംമാറ്റം, ബേസിക് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍, എല്‍ ആര്‍ എം അപേക്ഷകള്‍ ഇവയൊക്കെ സമര്‍പ്പിക്കാനാകും. റവന്യുവുമായി ബന്ധപ്പെട്ട ഭൂമിസംബന്ധമായ അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകള്‍, ധനസഹായം, പരാതികള്‍ ഇക്കാര്യങ്ങളിലും റവന്യു സാക്ഷരരാകുന്നതോടെ ആളുകള്‍ക്ക് സ്വമേധയ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം.


ഈ ഒരു തലത്തിലേക്ക് ആളുകളെ പൂര്‍ണ്ണമായി എത്തിക്കുകയെന്നതാണ് റവന്യൂ സാക്ഷരത പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. റവന്യൂ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് വാഴത്തോപ്പില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്ബ്, ഡിസ്ട്രിക് ഐ റ്റി സെല്‍ കോര്‍ഡിനേറ്റര്‍ അനില്‍ കെ. ഐസക്ക്, ഇടുക്കി തഹസീല്‍ദാര്‍(ഭൂരേഖ) മിനി കെ. ജോണ്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.