ആര്‍ദ്രകേരളം പുരസ്‌കാരം ഗ്രാമപഞ്ചായത്തുകള്‍ ഏറ്റുവാങ്ങി

post


ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപയും ട്രോഫിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ എടവക ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മുട്ടില്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകള്‍ 2 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.


40 ശതമാനത്തോളം ആദിവാസി ജനത പാര്‍ക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തില്‍ കോളനികളിലെ രോഗികള്‍ക്ക് ഡോക്ടറുമായി യഥാസമയം സംവദിക്കാന്‍ കഴിയുന്ന സംവിധാനമായ ടെലി മെഡിസിന്‍ പദ്ധതി, ആധുനിക സൗകര്യങ്ങളോടെ നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ദന്തപരിചരണ വിഭാഗം, തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പി സെന്റര്‍, ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള സമഗ്ര ആരോഗ്യ പദ്ധതിയായ ഗോത്ര സ്പര്‍ശം, ഇ ഹെല്‍ത്ത്, ആദിവാസി ഗര്‍ഭിണികള്‍ക്കായുള്ള പ്രസവ പൂര്‍വ ഗൃഹമായ പ്രതീക്ഷ, പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയും ആയുര്‍വേദ ആശുപത്രിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് നൂല്‍പ്പുഴ പഞ്ചായത്തിനെ പുരസ്‌ക്കാര നേട്ടത്തിന് അര്‍ഹമാക്കി.


ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്.