എയ്ഡ്സ് രോഗികള്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ്: നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍

post

ജില്ലയിലെ എയ്ഡ്സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന TDNP+ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവന്‍ എച്ച്. ഐ. വി ബാധിതരെയും ചികിത്സയ്ക്കായി എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.


എയ്ഡ്സ് രോഗികള്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നതിനു വേണ്ട നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാനും ഇവരുടെ പോഷകാഹാര വിതരണത്തിനായി കൂടുതല്‍ തുക വിനിയോഗിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു . നിലവില്‍ സ്വന്തമായി ഭൂമിയുള്ളതും വീടില്ലാത്തതുമായ രോഗികളെ കണ്ടെത്തി ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അര്‍ഹരായ എല്ലാ രോഗികള്‍ക്കും ചികിത്സാ ധനസഹായവും രോഗ ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.


യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോസ്ലെ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു,ആര്‍. എം. ഒ ഡോ. മോഹന്‍ റോയ്,

എസ്. എം. ഒ ഡോ. ഷൈലജ, TDNP+ പ്രൊജക്ട് ഡയറക്ടര്‍ സന്ധ്യ ശരത്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി. സലിം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.