യുവജന കമ്മീഷന്‍ അദാലത്ത് :11 പരാതികളില്‍ തീര്‍പ്പാക്കി
കാസര്‍കോട് : സംസ്ഥാന യുവജന കമ്മീഷന്‍ കളക്ടറേറ്റില്‍ നടത്തിയ കാസര്‍കോട് ജില്ലാതല അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി.ആകെ 20 പരാതികളാണ് പരിഗണിച്ചത്.ഇതില്‍ ഒന്‍പത് പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. പുതുതായി രണ്ട് പരാതികള്‍ കൂടി ലഭിച്ചു. ജില്ലയിലെ 89 വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നില്ലെന്ന പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പി എസ് സി ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്കിയിട്ടുണ്ട്.
തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട മാവുങ്കാല്‍ സ്വകാര്യആശുപത്രിയിലെ രണ്ട് നേഴ്‌സിങ് ജീവനക്കാര്‍ക്ക് നിയമപ്രകാരം അര്‍ഹമായ തുക നല്കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അദാലത്തില്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ സ്വമേധയ കേസ്സെടുത്തിരുന്നു.
കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ചില അധ്യാപകര്‍ക്കതിരെ നല്കിയ പരാതി തീര്‍പ്പാക്കിയതായി കോളേജ് അധികൃതര്‍ അദാലത്തില്‍ അറിയിച്ചു.പരാതി ലഭിച്ച ഉടന്‍ കമ്മീഷന്‍ കോളേജ് പ്രിന്‍സിപ്പാലില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.പ്രശ്‌ന പരിഹാരത്തിന് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ രൂപീകരിച്ചു പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി പ്രശ്‌നം പരിഹരിച്ചതായി അദാലത്തില്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
മലപ്പുറത്തെ ഹോസ്റ്റലില്‍ വച്ച് മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിയായ സാഹീറിന്റെ മരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍, സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജേറോം അദാലത്തില്‍ അധ്യക്ഷത വഹിച്ചു.യുവജന കമ്മീഷന്‍ സെക്രട്ടറി ടി കെ ജയശ്രീ, കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍, എസ് ഒ മനോജ് സി ഡി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.