പട്ടികജാതി വകുപ്പിന്‍റെ ഐ.ടി.ഐകളെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തും

post

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 44 ഐ.ടി.ഐ.കളുടെയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മാവേലിക്കര ഗവണ്‍മെന്‍റ് ഐ.ടി.ഐ.യിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


വകുപ്പിന്‍റെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഈ സ്ഥാപനങ്ങളിലെ കോഴ്സുകള്‍ കാലാനുസൃതമായി നവീകരിക്കേണ്ടതുണ്ട്. ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിന് പ്രയോജനപ്രദവും പഠിക്കുന്നവര്‍ക്ക് മികച്ച തൊഴില്‍ ലഭിക്കാന്‍ ഉപകരിക്കുന്നതുമായ ട്രേഡുകള്‍ വേണം. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി എല്ലാ ഐ.ടി.ഐകളെക്കുറിച്ചും വിശദമായ പഠനം നടത്തിയിട്ടുണ്ട്.


മാവേലിക്കര ഐ.ടി.ഐയുടെ രണ്ടാം വികസനത്തിനായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ചിട്ടുള്ള 1.65 കോടി രൂപയുടെ പദ്ധതി നിര്‍ദേശം പരിഗണിച്ച് തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.


ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ.യുടെ പ്രവേശനഗാന സി.ഡി മന്ത്രി പ്രകാശനം ചെയ്തു.


മുൻ എം.എൽ.എ. ആർ. രാജേഷ്, മാവേലിക്കര നഗരസഭ ചെയർപേഴ്സൺ കെ.വി ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി. ബഞ്ചമിൻ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം രാമചന്ദ്രൻ മുല്ലശ്ശേരിൽ, പൊതുമരാമത്തു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയർ വി.ഐ. നസീം, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

iti