പുളിക്കൽ ഗ്രാമപഞ്ചായത്തിലെ പകൽ വീട് മന്ത്രി അഹമ്മദ് ദേവർ കോവിൽ നാടിന് സമർപ്പിച്ചു

post


സംസ്ഥാന സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പുളിക്കൽ ഗ്രാമ പഞ്ചായത്തിലെ ആലുങ്ങലിൽ പുതുതായി ആരംഭിച്ച പകൽ വീടിന്റെ ഉദ്ഘാടനം പുരാവസ്തു, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു. അണുകുടുംബ വ്യവസ്ഥയിലെ ജീവിത സാഹചര്യങ്ങളിൽ അവഗണിക്കപ്പെടുന്ന വയോജനങ്ങൾക്ക് പകൽ വീട് പോലുള്ള റിക്രിയേഷൻ സെന്ററുകൾ ഒരുപാട് ആശ്വാസമാവുമെന്നും സർക്കാരിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് അഭിനന്ദനാർഹമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ വയോജനങ്ങൾക്കുള്ള വിശ്രമമുറികളും ടി.വി, പത്രം, ലൈബ്രറി, കട്ടിൽ, ഒന്നിച്ച് ചർച്ച ചെയ്യാനുള്ള ഇടങ്ങളും കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങളുമുണ്ട്.പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ ക്ഷേമത്തിനും മാനസിക ഉല്ലാസത്തിനും അവർക്ക് ഒത്തുകൂടാനുമായി സംസ്ഥാനസർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആവിഷ്കരിച്ച പദ്ധതിയാണ്‌ പകൽ വീട് പദ്ധതി.