കുരങ്ങുപനി: ജാഗ്രത പുലര്‍ത്തണം

post

വയനാട്: ജില്ലയില്‍ രണ്ടു മാസത്തിനിടെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്ന സാഹചര്യത്തില്‍ കുരങ്ങ് പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടു പേര്‍ മരിച്ചു. വന സമീപ ഗ്രാമങ്ങളിലും  പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലും താമസിക്കുന്നവര്‍ക്കുണ്ടാകുന്ന പനി കരുതലോടെ കാണണം. പനി, മറ്റ് അസുഖങ്ങളുടെ വിവരങ്ങള്‍ എന്നിവ അടിയന്തിരമായി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം.  ട്രൈബല്‍ പ്രമോട്ടര്‍മാരും ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കണം.  ആരോഗ്യ കേന്ദ്രങ്ങള്‍  അടിയന്തര സാഹചര്യങ്ങളില്‍  ചികിത്സ നല്‍കാന്‍ സജ്ജമായിരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
   
വനത്തിനുള്ളില്‍ ജോലിക്ക് പോകുന്നവരും വനവിഭവങ്ങള്‍ ശേഖരിക്കുന്നവരും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക അറിയിച്ചു. 
പനിയുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണം. സ്വയം ചികിത്സക്ക് മുതിരരുത്.  
വിറകിനായും മറ്റും വനത്തില്‍ പ്രവേശിക്കുന്നവരും രോഗം പകരാനിടയുള്ള വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന പട്ടിക വര്‍ഗ കോളനികളില്‍ താമസിക്കുന്നവരും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. 
ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണം. 
കാട്ടു പ്രദേശങ്ങളിലേക്ക് മേയാന്‍ വിടുന്ന മൃഗങ്ങളില്‍ രോഗപ്രതിരോധ ലേപനം പൂശണം.  ഈ ലേപനം വെറ്ററനറി ആശുപത്രികളില്‍ ലഭ്യമാണ്. 
വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ഫയര്‍ലൈന്‍ വര്‍ക്കര്‍മാരും  വനത്തില്‍ മറ്റു ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരും കുരങ്ങു പനി  പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനേഷന്‍ എടുക്കണം. 
കാട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളും ശ്രദ്ധ പുലര്‍ത്തണമെന്ന് ഡി.എം.ഒ. അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍  തീരുമാനമായി. അതിര്‍ത്തി പങ്കിടുന്ന ഇതര സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. കുരങ്ങ് ചത്ത് കിടക്കുന്നത്  ശ്രദ്ധയില്‍പ്പെട്ടാലുടന്‍ വിവരം അധികൃതരെ അറിയിക്കണം. 

കണ്‍ട്രോള്‍ റൂം നമ്പര്‍ 04936 204151 
ടോള്‍ ഫ്രീ നമ്പര്‍ 1077.