ജില്ലയില്‍ 47,819 ഫയലുകള്‍ തീര്‍പ്പാക്കി

post

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം

കോട്ടയം: ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 47,819 ഫയലുകള്‍ തീര്‍പ്പാക്കിയതായി സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വില്ലേജ് ഓഫീസ് തലംവരെയുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞപരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

മേയ് 31ലെ കണക്കു പ്രകാരം വിവിധ വകുപ്പുകളിലായി 90,745 ഫയലുകളാണ് തീര്‍പ്പാക്കാനുണ്ടായിരുന്നത്. ജൂലൈ 25 വരെ 52.69 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി. 42,926 ഫയലുകള്‍ തീര്‍പ്പാക്കാനുള്ള നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് 31നകം 75 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

മലിനീകരണ നിയന്ത്രണബോര്‍ഡ് (100 ശതമാനം), ടൂറിസം(92.64), ജല അതോറിറ്റി(85.82), പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം(83.33), ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസ് (79.46), മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസ് (79.24), ആര്‍.ടി.ഒ.(70.50), മൃഗസംരക്ഷണം(67.84), വിജിലന്‍സ് ആന്‍ഡ് ആന്റീ കറപ്ഷന്‍സ് ബ്യൂറോ(65.71), ഫിഷറീസ് (61.25 ശതമാനം), ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്(58.33), ടൗണ്‍ പ്ലാനിംഗ് (54.91), പൊലീസ്(54.47), തദ്ദേശസ്വയംഭരണം(53.10), ഭക്ഷ്യ-പൊതുവിതരണം(50.01), തൊഴില്‍ (52.43), ജി.എസ്.ടി.(50.16), എന്നിവയാണ് 50 ശതമാനത്തിനു മുകളില്‍ ഫയലുകള്‍ തീര്‍പ്പാക്കിയ വകുപ്പുകള്‍. ഓഗസ്റ്റ് മൂന്നാംവാരം വീണ്ടും അവലോകനയോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.

ഫയല്‍ തീര്‍പ്പാക്കുന്നതിനായി കൃഷി വകുപ്പ് ബ്ലോക്ക് തല അദാലത്ത് സംഘടിപ്പിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് സംഘടിപ്പിക്കും.

കോവിഡ് കാലത്ത് ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉണ്ടായ കാലതാമസം മൂലം ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കിയതിനെത്തുടര്‍ന്നാണ് തീവ്രയജ്ഞം നടത്തുന്നത്. ഒക്ടോബര്‍ പത്തിനകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വകുപ്പുകളുടെ സമാഹൃത തീര്‍പ്പാക്കല്‍ വിശദാംശം ഒക്ടോബര്‍ 15നകം പ്രസിദ്ധീകരിക്കും.

ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.