ആളം പാലം നിര്‍മാണം അന്തിമ ഘട്ടത്തില്‍

post

മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപ് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍. അഞ്ചരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ 95 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടര മീറ്റര്‍ വീതിയിലുള്ള നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. 25 മീറ്റര്‍ നീളത്തിലുള്ള മൂന്ന് സ്പാനുകളാണ് പാലത്തിനു ഉണ്ടാകുക. നിലവില്‍ റോഡ് സേഫ്റ്റി വര്‍ക്കുകള്‍, അപ്പ്രോച്ച് റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ എന്നിവയാണ് ഇനി ബാക്കിയുള്ളത്. പദ്ധതി യാഥ്യാര്‍ത്ഥമാകുന്നതോടെ ആളം ദ്വീപുകാരുടെ ഏറെ നാളത്തെ സ്വപ്നം യാഥാര്‍ഥ്യമാവും.


കാലാവസ്ഥാ അനുകൂലമായാല്‍ എത്രയും വേഗത്തില്‍ പാലം തുറന്നു നല്‍കുമെന്ന് പി.നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആളം ദ്വീപ് വാസികളായ കുടുംബങ്ങള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായാണ് പാലം നിര്‍മിക്കുന്നത്. മുമ്പുണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താല്‍ തകര്‍ന്നതോടെ പലതവണ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തില്‍ ഇതെല്ലാം ഒലിച്ചുപോയിരുന്നു. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് പാലം നിര്‍മാണത്തിന് വഴിയൊരുക്കിയത്.