പ്രകൃതിയെ മുറിവേല്‍പ്പിക്കാത്ത നിര്‍മാണ രീതി പിന്തുടരേണ്ടത് അനിവാര്യം

post

പ്രകൃതിക്കു മുറിവേല്‍പ്പിക്കാത്ത തരത്തിലുള്ള നിര്‍മാണ രീതികളിലേക്കു കേരളം മാറേണ്ടതുണ്ടെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ നിര്‍മാണ രീതികള്‍ സ്വീകരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിര്‍മാണ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനും പുതിയ ഭവന നയം ആവിഷ്‌കരിക്കാനും ഭവന നിര്‍മാണ ബോര്‍ഡിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭവന നിര്‍മാണ ബോര്‍ഡിന്റെ ആസ്ഥാന ഓഫിസിനു സമീപമുള്ള 7.33 സെന്റ് സ്ഥലത്ത് 358.32 ച മി വിസ്തീര്‍ണത്തില്‍ നാലു നില കെട്ടിടമാണു നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യവും ശുചിമുറികളും ഒരുക്കും. ഒന്നാം നിലയില്‍ കടമുറിയും രണ്ട്, മൂന്നു നിലകളിലായി നാല് അതിഥി മുറികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിന്റെ തനതു ഫണ്ടില്‍നിന്നു മൂന്നു കോടി ചെലവഴിച്ചാണു സുവര്‍ണ ജൂബിലി മന്ദിരം നിര്‍മിക്കുന്നത്.

പരിപാടിയില്‍ ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി. സുനീര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ സി. ഹരികുമാര്‍ ഹൗസിംഗ് കമ്മിഷണര്‍ എന്‍. ദേവീദാസ്, ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു