റീബൂട്ട് കേരള ഹാക്കത്തോണ്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ ചേര്‍ത്തലയില്‍

post

36 മണിക്കൂര്‍ തുടര്‍ച്ചയായി ഉണര്‍ന്നിരുന്ന് ഭക്ഷ്യ വകുപ്പിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രശ്‌ന പരിഹാര യജ്ഞം

 തിരഞ്ഞെടുത്ത 180 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ആലപ്പുഴ: ദൈനംദിന ജീവിതത്തില്‍ സമൂഹം നേരിടുന്ന ചില അടിയന്തര പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍കൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 എന്ന ഹാക്കത്തോണ്‍ സീരിസിന്റെ മൂന്നാമത്തെ ഹാക്കത്തോണ്‍ ഭക്ഷ്യ  വകുപ്പിലെ തിരഞ്ഞെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനാണ് ഫെബ്രുവരി 28  മുതല്‍   മാര്‍ച്ച്  1 വരെ ചേര്‍ത്തല  നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്ന്റില്‍ നടത്തുന്നത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ  സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യനിര്‍വഹണത്തില്‍ പങ്കാളിയാവാനാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍ വഴി അവസരം ലഭിക്കുന്നത്. സോഫ്‌റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയുള്ളതും അല്ലാത്തതുമായ എല്ലാ സാങ്കേതിക പരിഹാര മാര്‍ഗ്ഗങ്ങളും ഇത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. 

പ്രാഥമിക ഘട്ടമായ ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുത്തവരില്‍ നിന്ന് ഭക്ഷ്യ മേഖലയിലെ വിവിധ  പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച 30 ടീമുകളാണ് ഈ ഹാക്കത്തോണില്‍ പങ്കെടുക്കുക. വിദ്യാര്‍ത്ഥികളുടെ പ്രശ്‌ന പരിഹാര കഴിവുകള്‍ ഉപയോഗപ്പെടുത്തി ഭക്ഷ്യ  വകുപ്പില്‍ നിലനില്‍ക്കുന്ന തിരഞ്ഞെടുത്ത 6 പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ പ്രക്രിയയുടെ കൃത്യമായ ഇടവേളകളില്‍ പരിഹാര മാര്‍ഗ്ഗത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പുരോഗമനം, വകുപ്പുമായി ബന്ധപ്പെട്ട വിദഗ്ദ്ധരും, ഐടി വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന വിദഗ്ദ്ധ സമിതി  വിലയിരുത്തുകയും, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

വെള്ളിയാഴ്ച (ഫെബ്രുവരി 28) രാവിലെ 7.30ന് ഹാക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 8.ന് ആരംഭിക്കുന്ന ഹാക്കത്തോണ്‍ തുടര്‍ച്ചയായ 36 മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി എട്ടിനായിരിക്കും അവസാനിക്കുക. അന്നേ ദിവസം തന്നെ അവര്‍ മുന്നോട്ട് വച്ച പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച 15 ടീമുകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് പ്രഖ്യാപിക്കും. ഞായറാഴ്ച നടക്കുന്ന പവര്‍ ജഡ്ജ്‌മെന്റില്‍ ഈ 15 ടീമുകളായിരിക്കും തങ്ങളുടെ സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ അവതരിപ്പിക്കുക. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50000, 30000, 20000 രൂപ അടങ്ങുന്ന ക്യാഷ് പ്രൈസും,പ്രശസ്തി പത്രവും ഫലകവും നല്‍കും.

ഇങ്ങനെ സംഘടിപ്പിക്കുന്ന ഓരോ ഹാക്കത്തോണിലും മികച്ചു നില്‍ക്കുന്ന 3 ടീമുകളെ തെരഞ്ഞെടുത്ത്, 30 ടീമുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെ മാര്‍ച്ച് അവസാനം സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്ക്കുന്ന മികച്ച ആശയങ്ങളും പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങളും നടപ്പില്‍ വരുത്തുകയും അത് വഴി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതവും ഫലപ്രദവുമായ പരിഹാരം കൊണ്ട് വരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 

ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ബൃഹത്തായ ഹാക്കത്തോണ്‍ നടത്തപ്പെടുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്. 

ഹാക്കത്തോണിന്റെ നടത്തിപ്പിന് വേണ്ടി,  ജില്ലാ കളക്ടര്‍ എം അഞ്ജന  ചെയര്‍മാനും,  നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്  പ്രിന്‍സിപ്പല്‍ ഫാ .ബൈജു  ജോര്‍ജ്  കണ്‍വീനറുമായുള്ള സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ന്യൂട്രിഷണല്‍  ഡയറ്ററി ആവശ്യകത അറിയുന്നതിനായുള്ള സംവിധാനം വികസിപ്പിക്കല്‍; ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ സംവിധാനം എങ്ങനെ ഉറപ്പ് വരുത്താം, വ്യത്യസ്ത പ്രദേശങ്ങളിലെ  സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലയും ,രോഗങ്ങളും  മനസിലാക്കി അതിനുതകുന്ന പ്രത്യേകതരം പോഷകാഹാര ക്രമീകരണം  ഗവണ്‍മെന്റിന്  തയാറാക്കുന്നതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കല്‍, റേഷന്‍  കടകളിലും  മറ്റ്  ഗവണ്‍മെന്റ്  റീറ്റെയ്ല്‍ ഔട്ടലെറ്റുകളിലും  നിലവിലുള്ള സംഭരണത്തിന്റെ  കൃത്യമായ  കണക്ക്  മനസ്സിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും   ഗവണ്‍മെന്റ്  തലത്തില്‍ കേന്ദ്രീകൃത  സംവിധാനം വികസിപ്പിക്കല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യം ,മാംസം ,പാല്‍ ,പച്ചക്കറി ,പഴങ്ങള്‍ തുടങ്ങിയ  വേഗത്തില്‍ നശിച്ചു പോകാന്‍ സാധ്യത ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ  നിലവാരവും ,അവയുടെ   ഉല്‍പ്പാദന കേന്ദ്രം മുതല്‍ മറ്റ്  പ്രക്രിയകള്‍ കഴിഞ്ഞു റീറ്റെയില്‍  ഔട്ട്‌ലെറ്റുകളില്‍ എത്തുന്നത് വരെയുള്ള  സ്ഥിതി നിരീക്ഷിക്കുന്നതിനായുള്ള കേന്ദ്രീകൃത സംവിധാനം വികസിപ്പിക്കല്‍, ഭാവിയില്‍ സൗകര്യപ്രദമായതും ഫലപ്രദമായതുമായ  ഷോപ്പിങ്ങിനായി ഓട്ടോമേറ്റഡ് സംവിധാനം വികസിപ്പിക്കല്‍ എന്നിവ ഹാക്കത്തണില്‍ പരിഗണിക്കും.